ഇന്നും വൈദ്യുതി മുടങ്ങും. 6.30നും 12.30നും ഇടയില്‍ നിയന്ത്രണം. നിയന്ത്രണം തുടരുമെന്ന് കെ എസ് ഇ ബി...
സംസ്ഥാനത്ത് ഇന്നത്തെ ഉയര്‍ന്ന ചൂടും കടുത്ത വൈദ്യുതി ഉപഭോഗവും കാരണം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൈകിട്ട് 6.30 മുതല്‍ രാത്രി 12.30 വരെയായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ചൂട് കാരണം പ്രതിദിന ഉപഭോഗത്തില്‍ 800 മുതല്‍ 900 മെഗാവാട്ടിന്റെ വരെ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് ബോര്‍ഡ് കടന്നത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പല പ്രദേശങ്ങളിലും ഘട്ടം ഘട്ടമായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങുകയുണ്ടായി. എന്നാല്‍ ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ പ്രതിസന്ധി കൂടുതല്‍ ഗുരുതരമാണെന്നാണ് കെ.എസ്.ഇ.ബി. അധികൃതര്‍ വ്യക്തമാക്കുന്നത്. നാഷണല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നടക്കം ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കില്‍ വരും ദിവസങ്ങളിലും ഈ നിയന്ത്രണം തുടരേണ്ടി വരും. മുന്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ രാത്രി 12 മണി വരെയായിരുന്ന നിയന്ത്രണ സമയം, പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ന് രാത്രി 12.30 വരെയായി ദീര്‍ഘിപ്പിക്കുകയാണ് ചെയ്തത്...