സൂപ്പര്‍ എല്‍നിനോ കേരളത്തെ ചതിക്കുമോ. സെപ്റ്റംബര്‍ 15 ന് ശേഷം കൊടുംചൂടും ക്രമംവിട്ട മഴയും പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകര്‍...
ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന അപായ സൂചനകള്‍
അറബിക്കടല്‍ മുതല്‍ പടിഞ്ഞാറൻ പസിഫിക് മഹാസമുദ്രം വരെയുള്ള വിശാലമായ പ്രദേശത്ത് മേഘങ്ങളുടെ വിന്യാസത്തില്‍ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന, ഇന്തൊനീഷ്യ, സുമാത്ര എന്നിവയുള്‍പ്പെടെയുള്ള തെക്ക്, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സാമ്യമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ദൃശ്യമാണ്. ആഗോളതലത്തില്‍ പ്രതിഫലിക്കുന്ന പ്രബലമായ എല്‍നിനോ സ്വാധീനമാണ് വൻതോതിലുള്ള ഈ മേഘക്കുറവിന് പിന്നിലെ പ്രധാന കാരണം. അന്തരീക്ഷ ചംക്രമണ പാറ്റേണുകളില്‍ വരുന്ന മാറ്റങ്ങള്‍ ഈ മേഖലയിലുടനീളം മണ്‍സൂണ്‍ കാറ്റുകളുടെ ഗതിയെയും സാന്ദ്രതയെയും ഗുരുതരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഔദ്യോഗിക പിൻവാങ്ങല്‍ സെപ്റ്റംബർ 15ന് ശേഷം
ആകാശത്ത് മേഘങ്ങള്‍ കുറഞ്ഞു എന്നത് കൊണ്ട് മാത്രം കാലവർഷം പൂർണമായി പിൻവാങ്ങി എന്ന് കരുതാനാകില്ല. സാധാരണയായി വടക്കുപടിഞ്ഞാറൻ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിൻവാങ്ങുന്ന നടപടിക്രമങ്ങള്‍ സെപ്റ്റംബർ 15ന് ശേഷമേ ആരംഭിക്കാറുള്ളൂ. ഇത്തവണയും അതില്‍ മാറ്റമുണ്ടാകില്ലെന്നാണ് പ്രവചനങ്ങള്‍. സെപ്റ്റംബർ രണ്ടാം പകുതിയോടെ കാലവർഷത്തിന്റെ മടങ്ങിപ്പോക്കിന് അനുയോജ്യമായ അന്തരീക്ഷ ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് രാജ്യാന്തര കാലാവസ്ഥാ മോഡലുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്സ് (ഇസിഎംഡബ്ല്യുഎഫ്) പ്രകാരം വടക്കുപടിഞ്ഞാറൻ ഇന്ത്യയ്ക്ക് മുകളില്‍ ഒരു ‘ആന്റിസെക്ലോണിക് സാന്നിധ്യം’ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം സെപ്റ്റംബർ 21 ഓടെ പൂർണതയിലെത്തുകയും, തുടർന്ന് ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിൻവാങ്ങുന്നതിന് വഴിതുറക്കുകയും ചെയ്യും.
കേരളത്തെ ചതിക്കുമോ സൂപ്പർ എല്‍നിനോയും ക്രമംവിട്ട മഴയും?
ഇത്തവണ രൂപംകൊണ്ടിരിക്കുന്ന തീവ്രത കൂടിയ 'സൂപ്പർ എല്‍നിനോ' കേരളത്തിന്റെ കാലാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മഴക്കുറവിലും അത്യുഷ്ണത്തിലും തീരില്ല ഇതിന്റെ ആഘാതം. പസഫിക് മേഖലയില്‍ ഒക്ടോബർ-നവംബർ മാസങ്ങളില്‍ ശക്തിപ്പെടുന്ന സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് മുന്നോടിയായി, സെപ്റ്റംബറില്‍ തന്നെ കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മഴയില്ലാത്ത ചൂടുകൂടിയ ദിവസങ്ങള്‍ക്കിടയില്‍ പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസങ്ങളായ ന്യൂനമർദം, ചുഴലിക്കാറ്റ് എന്നിവയുടെ ഫലമായി ക്രമരഹിതവും അതിതീവ്രവുമായ മഴ ഉണ്ടാകുമെന്ന് സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ. ഗ്രിൻസണ്‍ ജോർജ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യൻ സമുദ്രമേഖലയില്‍ എല്‍നിനോയുടെ പ്രത്യാഘാതം പൂർണ്ണമായി അനുഭവപ്പെടുന്ന വരുന്ന മാർച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ചൂട് കേരളത്തില്‍ സാധാരണ വേനലില്‍ അനുഭവപ്പെടുന്നതിലും വളരെ കൂടുതലായിരിക്കുമെന്നാണ് ആശങ്ക...