കണ്ടക്ടര്‍ ചേട്ടാ. ഓണാഘോഷത്തിന്റെ എല്ലാ ആഹ്ലാദങ്ങളും നിങ്ങള്‍ തല്ലിക്കെടുത്തി. ഇനി ഒരു കുട്ടികളോടും ഇങ്ങനെ ചെയ്യരുത്. കളര്‍ വസ്ത്രം ധരിച്ച് ബസില്‍ കയറിയതിന്റെ പേരില്‍ ഫുള്‍ ടിക്കറ്റ് വേണമെന്ന കണ്ടക്ടറുടെ വാശി കാരണം മുതിര്‍ന്ന യാത്രക്കാരോട് പണം യാചിച്ചു വാങ്ങേണ്ടി വന്ന അവസ്ഥ വിവരിക്കുമ്പോള്‍ സഹോദരങ്ങളായ നീലിമ മനീഷിനും എം.എം.ശ്രീഹരിക്കും ഏറെ സങ്കടം...
സ്‌കൂളിലെ ഓണാഘോഷത്തിന് കളര്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരക്കില്‍ ഇളവ് നല്‍കാന്‍ കൂട്ടാക്കാതെ നിര്‍ബന്ധപൂര്‍വ്വം ഫുള്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കിയ സംഭവത്തില്‍ #കോട്ടയം #ചങ്ങനാശേരി യിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കളര്‍ ഡ്രസ്സ് ധരിച്ചതിന്റെ പേരില്‍ ടിക്കറ്റ് നിരക്കിനുള്ള പണം പൂര്‍ണ്ണമായി നല്‍കേണ്ടി വന്നതോടെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബസിലെ മറ്റ് യാത്രക്കാരോട് യാചിച്ചു പണം വാങ്ങേണ്ടി വന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിശ്വസിച്ചാണ് ചങ്ങനാശേരി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്‌കൂളിലെയും എസ്ബി ഹൈസ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ ഓണക്കോടിയണിഞ്ഞ് സ്‌കൂളിലെത്തിയത്. ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് പോകുന്നതിനായി ചങ്ങനാശേരിയിലൂടെ സര്‍വീസ് നടത്തുന്ന 'തണ്ടപ്ര' ബസില്‍ കയറിയ 20-ഓളം വരുന്ന വിദ്യാര്‍ത്ഥികളോടാണ് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയത്. രാവിലെ മറ്റ് സ്വകാര്യ ബസുകളില്‍ ഇതേ വസ്ത്രത്തില്‍ സഞ്ചരിച്ചപ്പോള്‍ കണ്‍സെഷന്‍ നിരക്ക് (ST) മാത്രം ഈടാക്കിയിരുന്നിടത്താണ് മടക്കയാത്രയില്‍ കുട്ടികള്‍ക്ക് ഈ ദുരനുഭവം നേരിട്ടത്. സംഭവത്തില്‍ പ്രതിഷേധം ഉയരുകയും ഈ കണ്ടക്ടര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കുട്ടികളുടെ പിതാവ് മനീഷ് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാകത്താനം പോലീസ് അന്വേഷണം ആരംഭിക്കുകയും ബസ് ജീവനക്കാരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്...