മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍. വിജയം എല്‍ഡിഎഫ് പിന്തുണയോടെ...
മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍. പാലാ നഗരസഭയിൽ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫും കോൺഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു. 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്. ആകെ 26 കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ പങ്കാളികളായി. എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്.
പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ റിസള്‍ട്ട് പറയുന്നതിനു മുന്‍പേ ഇറങ്ങിപ്പോയി. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോണ്‍ഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു. ഇവര്‍ റിയയ്ക്ക് വോട്ട് ചെയ്തു. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്നത്.
നന്മയുടെ വിജയമെന്ന് മായാ രാഹുല്‍ പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള ഒരുകൂട്ടം കൗണ്‍സിലേഴ്‌സ് ഒരുമിച്ച് ചേര്‍ന്നെടുത്ത ഒരു തീരുമാനമാണിതെന്നും മായ പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്നും അവര്‍ പറഞ്ഞു. സുസ്ഥിരമായ ഭരണം കാഴ്ചവെക്കാന്‍ ശ്രമിക്കും. തനിക്കെതിരായ നിയമ നടപടി നിലനില്‍ക്കില്ല. സ്വതന്ത്രയായിട്ടാണ് താന്‍ വിജയിച്ചതെന്നും മായ വ്യക്തമാക്കി.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന രീതിയിൽ ദിയ ബിനു പുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാൽ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് ദിയ ബിനു പുളിക്കകണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്...