മീൻ വറുത്തത് നൽകാത്തതിന്റെ പേരിൽ ഭാര്യയെ മർദിച്ചതായി പരാതി...
മീൻ വറുത്ത് നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ മർദിച്ചതായി പരാതി. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് ഭാര്യയുടെ മുടിയിൽ പിടിച്ചുവലിക്കുകയും മുതുകിലും മുഖത്തും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടിലെത്തിയ ഭർത്താവ് ഭക്ഷണത്തിനൊപ്പം ആവശ്യത്തിന് കറികളില്ലെന്ന് പറഞ്ഞാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മർദനം സ്ഥിരമായി ആവർത്തിച്ചിരുന്നതിനാലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് പരാതി നൽകിയതെന്ന് സുജ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.