പത്തനംതിട്ടയില്‍ 75കാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. മകനും വനിതാ സുഹൃത്തും അറസ്റ്റില്‍...
പത്തനംതിട്ട കോയിപ്രത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശിനി റിൻസി മോള്‍ (37) എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിനി പൊന്നമ്മ തോമസ് (75) ആണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതം മൂലം സംഭവിച്ച സാധാരണ മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസ് 24 മണിക്കൂറിനുള്ളിലാണ് പൊലിസ് ചുരുളഴിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം കഴിഞ്ഞ ആറുമാസമായി റിൻസി മോളും ഒരേ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇരുവരും തമ്മില്‍ കടുത്ത വഴക്കുണ്ടായി. ഇത് തടയാൻ ചെന്ന പൊന്നമ്മ തോമസിനെ ടിജോ നെഞ്ചില്‍ ചവിട്ടുകയും ശ്വാസംമുട്ടിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്നാണ് വയോധിക മരണപ്പെട്ടത്.
ചൊവ്വാഴ്ച പൊലിസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ച കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂർ സർക്കിള്‍ ഇൻസ്പെക്ടർ സുരേഷ് ജി എന്നിവർക്ക് മരണത്തില്‍ സംശയം തോന്നി. തുടർന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവല്ല ഡിവൈ.എസ്.പി പി.ആർ. സന്തോഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. അശ്വതിയുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ശരീരത്തിലെ പരുക്കുകളും ശ്വാസംമുട്ടിയതിന്റെ ലക്ഷണങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായതോടെ ടിജോയെയും റിൻസി മോളെയും കസ്റ്റഡിയിലെടുത്ത് പൊലിസ് ചോദ്യം ചെയ്തു. തുടരന്വേഷണത്തില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.സി.പി.ഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ്, സി.പി.ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കൃത്യസമയത്ത് മികച്ച അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയ സംഘത്തെ ജില്ലാ പൊലിസ് മേധാവി അഭിനന്ദിച്ചു...