ഭാര്യയുടെ ഗൂഗിള്‍പേ വഴി 5000 രൂപ കൈക്കൂലി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വിജിലൻസ് ‌കസ്റ്റഡിയില്‍...


പ്രോജക്‌ട്സീറോയുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടി തുടർന്ന് വിജിലൻസ്. 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസറും, ഇടുക്കി തൊടുപുഴ സ്വദേശിയുമായ ബിനീഷ് കുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയർ കമ്പനിക്കെതിരെ മുൻ ജീവനക്കാർ നല്‍കിയ പരാതി തീർപ്പാക്കുന്നതിന് 5,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. സോഫ്റ്റുവെയർ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോയ മൂന്ന് ജീവനക്കാർ കമ്പനി പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പറഞ്ഞ് വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസില്‍ ഒരു പരാതി നല്‍കിയിരുന്നു.

പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസറായ ബിനീഷ് കുമാർ. റ്റി. ജി പരാതിക്കാരന്റെ സോഫ്റ്റുവെയർ സ്ഥാപനത്തിലെത്തി പരിശോധന നടത്തുകയും തുടർന്ന് ചില അപാകതകള്‍ കാണിച്ച്‌ പരാതിക്കാരന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് ബിനീഷ് കുമാർ പരാതിക്കാരനെ ഫോണ്‍ കാള്‍ വഴിയും, വാട്ട്സ് ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് ഫയല്‍ തീർപ്പാക്കണമെങ്കില്‍ ആവശ്യപ്പെടുമ്പോഴെല്ലാം പണം നല്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 13-ാം തീയതി ബിനീഷ് കുമാർ പരാതിക്കാരനെ ഫോണ്‍ വിളിച്ച്‌ 2,000 രൂപ ആവശ്യമുണ്ടെന്നും അത് ഗൂഗിള്‍ പേ വഴി അയച്ച്‌ നല്കണമെന്നും പറയുകയും, ബിനീഷ് കുമാറിന്റെ ഭാര്യയുടെ ഗൂഗിള്‍ പേ നമ്പർ പരാതിക്കാരന് വാട്ട്സ് ആപ്പ് മുഖാന്തിരം അയച്ച്‌ നല്കുകയും ചെയ്തു. ഇതിനെ തുടർന്ന് പരാതിക്കാരൻ 2,000 രൂപ ബിനീഷ് കുമാറിന്റെ ഭാര്യയുടെ ഗൂഗിള്‍ പേ നമ്പരില്‍ അയച്ച്‌ കൊടുത്ത ശേഷം അതിന്റെ സ്ക്രീൻ ഷോട്ട് ബിനീഷ് കുമാറിന് അയച്ച്‌ നല്കി. പിന്നീട് ഇന്നലെ (14.08.2026) രാവിലെ ബിനീഷ് കുമാർ പരാതിക്കാരനെ വീണ്ടും ഫോണില്‍ വിളിച്ച്‌ 3,000 രൂപ ഗൂഗിള്‍ പേ വഴി വീണ്ടും അയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൈക്കൂലി നല്കാൻ താല്‍പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോട്ടയം കിഴക്കൻ മേഖല വിജിലൻസ് പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.

ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരം കിഴക്കൻ മേഖല വിജിലൻസ് ഓഫീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു. തുടർന്ന് വൈകുന്നേരം വടയാറിലെ വാടക വീട്ടില്‍ വച്ച്‌ പരാതിക്കാരനില്‍ നിന്നും 3,000 രൂപ ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേയ്ക്ക് അയച്ച്‌ വാങ്ങവേ ബിനീഷിനെ കസ്റ്റഡിയിലെടുത്തു. ഡി വൈ എസ് പി. പി വി മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് ഡി. വൈ. എസ്. പി. പി വി മനോജ്‌ കുമാർ, ഇൻസ്‌പെക്ടർ മനു വി നായർ, ASI മാരായ അരുണ്‍ ചന്ദ്, രാജേഷ് കുമാർ, രജീഷ്, അനൂപ് കെ എ, പ്രദീപ്‌, ജോഷി ഇഗ്‌നേഷ്യസ്, സെബാസ്റ്റ്യൻ, ജാൻസി എന്നിവർ വിജിലൻസ് നടപടികളില്‍ പങ്കെടുത്തു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...