എട്ടുനോമ്പ് തിരുന്നാളിനൊരുങ്ങി കോട്ടയം മണര്‍കാട് പള്ളി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടുവരെ തിരുന്നാള്‍...2
കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് തിരുന്നാള്‍ സെപ്റ്റംബർ ഒന്നുമുതല്‍ സെപ്റ്റംബർ എട്ടുവരെ. ഒന്നാം തീയതിയാണ് എട്ട് എട്ടുനോമ്പിൻ്റെ തുടക്കം. ആറാം തീയതി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം (റാസ) നടക്കും. സെപ്റ്റംബർ ഏഴാം തീയതിയാണ് നടതുറക്കുക.
എട്ടുനോമ്പ് തിരുനാള്‍ പ്രമാണിച്ച് വമ്പിച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ എത്തുന്നതിനാല്‍ പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, കെഎസ്‌ഇബി, കെഎസ്‌ആർടിസി വിഭഗങ്ങളുടെ എല്ലാവിധ സഹായങ്ങളുമുണ്ടാകും.
തിരുന്നാള്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് ഒരുക്കങ്ങള്‍ നടത്താനുള്ള തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കും. പ്രധാന തിരുനാള്‍ ദിവസമായ സെപ്റ്റംബർ ആറ് മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള പോലീസിനെ പള്ളിപ്പരസരത്തടക്കം വിന്യസിക്കും. വനിതാ പോലീസിൻ്റെ സാന്നിധ്യം ശക്തമാക്കും.
പള്ളിയങ്കണത്തടക്കം മുഴുവൻ സമയവും പ്രവർത്തിക്കുന്ന പോലീസ് - എക്സൈസ് - റവന്യൂ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. പെരുനാള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി എക്സൈസ് പരിശോധന ശക്തമാക്കും. പോലീസിൻ്റെ പിന്തുണയോടെയാകും എക്സൈസ് പരിശോധന. തിരുനാള്‍ ദിവസങ്ങളില്‍ വൈദ്യുതി ബന്ധം സുഗമമാക്കാൻ കെഎസ്‌ഇബി ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ആരോഗ്യവകുപ്പിൻ്റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സംഘം പ്രവർത്തിക്കും. ആംബുലൻസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കും.
തിരുന്നാളിനോടനുബന്ധിച്ച് മാലിന്യനീക്കം സുഗമമാക്കാൻ ശുചിത്വമിഷനുമായി ചേർന്ന് നടപടികള്‍ സ്വീകരിക്കാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. പാർക്കിങ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഇത്തവണയും ഒരുക്കും. പള്ളിപ്പരസരത്തടക്കം പാർക്കിങ് ക്രമീകരണമൊരുക്കും. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അധികൃതർ കൈമാറും. പ്രദേശത്തെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. കടകളിലെ അമിതവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കാൻ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ ഊർജിതമാക്കും.
റോഡിലെ അറ്റക്കുറ്റപ്പണികള്‍ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നല്‍കിയിരുന്നു. തിരുന്നാളിനായി യാത്രാ സൗകര്യം കാര്യക്ഷമമാക്കാൻ കെഎസ്‌ആർടിസി ഇത്തവണയും സർവീസ് നടത്തും. കോട്ടയത്ത് നിന്നും മല്ലപ്പള്ളിയില്‍ നിന്നും അധികമായി 10 പ്രത്യേക സർവീസുകള്‍ കെഎസ്‌ആർടിസി നടത്തും. കഴിഞ്ഞ വർഷം കെഎസ്‌ആർടിസി സർവീസുകള്‍ ശക്തമാക്കിയത് ഭക്തർക്ക് സഹായകമരമായിരുന്നു...