കടുത്തുരുത്തി മുൻ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു. അന്ത്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...
കടുത്തുരുത്തി മുൻ എംഎല്‍എയും കേരള കോണ്‍ഗ്രസ് - എം മുൻ നേതാവുമായിരുന്ന കടുത്തുരുത്തി പാറപ്പുറത്ത് പഴുവേലില്‍ പി.എം. മാത്യു (75) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ 3.15നായിരുന്നു അന്ത്യം. 1991മുതല്‍ 96 വരെ കടുത്തുരുത്തി നിയമസഭ മണ്ഡലം എംഎല്‍എ ആയിരുന്നു.
കെ.എം. മാണിയ്ക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച പി.എം. മാത്യു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക് മാറി. വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരികെ എത്തിയെങ്കിലും സജീവമായിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിലേക്ക് എത്തിയ മാത്യു നാഷണല്‍ ഫാർമേഴ്സ് പാർട്ടിയുടെ ജനറല്‍ സെക്രട്ടറിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്ന് പ്രവർത്തിച്ചു. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്‍റ് മേരീസ് പള്ളിയില്‍ നടക്കും...