കനത്ത മഴ. ഈ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി...
മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂർ , കാസർഗോഡ്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്കാണ് അവധി.
കളക്ടർമാരുടെ അറിയിപ്പ് -
തൃശൂർ: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനില്‍ക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 16) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കാസർഗോഡ്: ജില്ലയില്‍ ജൂണ്‍ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍, ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടി.
ഈ സാഹചര്യത്തില്‍, ജില്ലയിലെ കോളേജുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്: ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷൻ സെൻ്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവക്ക് നാളെ (16/06/2025) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. (റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും റസിഡൻഷ്യല്‍ കോളേജുകള്‍ക്കും ബാധകമല്ല) വിദ്യാർഥികള്‍ ജലാശയങ്ങളിലും, പുഴകളിലും മറ്റും ഇറങ്ങരുത്. സുരക്ഷിതരായിരിക്കുക.
നാളേയും അതിതീവ്ര മഴ; റെഡ് അലർട്ട്
കേരളത്തില്‍ തിങ്കളാഴ്ചയും അതിതീവ്ര മഴക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്.
തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി
തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴിയും
വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്കി...