മലയാളി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും, താെഴിലില്ലായ്മയും ഒപ്പം വിലക്കയറ്റവും. ഇറാനെതിരായ യുദ്ധം കൂടുതല്‍ ബാധിക്കുന്നത് കേരളത്തെ...
ഇറാനും ഇസ്രയേലുമൊക്കെ നമ്മുടെ രാജ്യത്തുനിന്ന് കാതങ്ങള്‍ അകലെയാണ്. അതിനാല്‍ അവിടെ യുദ്ധം നടന്നാല്‍ നമുക്കെന്താ എന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വിചാരം. എന്നാല്‍ അതല്ല അവസ്ഥ. ഇറാനിലെ അമേരിക്കൻ ആക്രമണം ഏറ്റവുമധികം വ്യാപിക്കുന്നത് ഇന്ത്യയെയും കേരളത്തെയുമാണ് എന്നതാണ് സത്യം. അതില്‍ നിന്ന് കരകയറാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും.
പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരുകോടിയോളം ഇന്ത്യക്കാർ ജോലിചെയ്യുകയോ താമസിക്കുകയാേ ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും മലയാളികളുമാണ്. സംഘർഷം രൂക്ഷമായാല്‍ ഇവർക്ക് ഒഴിഞ്ഞുപോകേണ്ടിവരും. ഒരുമനുഷ്യായുസ് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച് അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഭാവി അവർക്കുമുന്നില്‍ ഒരു ചോദ്യചിഹ്നമായേക്കാം. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം ഇപ്പോള്‍ത്തന്നെ കേരളീയരുടെ താെഴില്‍ സാദ്ധ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് യുദ്ധംമൂലമുള്ള പ്രശ്നങ്ങളും എത്തുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാന്റെ പ്രധാന ലക്ഷ്യം. ഇത്തരം ഇടങ്ങളിലേക്ക് ഇറാൻ നിരവധി തവണ ആക്രമണം നടത്തിക്കഴിഞ്ഞു. അമേരിക്കൻ സൈനിക താവളങ്ങള്‍ക്കടുത്തുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഭാഗികമായി അടച്ചിട്ടിരിക്കുയാണെന്നാണ് റിപ്പോർട്ട്. മിസൈല്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെ താമസസ്ഥലത്തേക്കുതന്നെ തിരിച്ചയക്കുന്നുണ്ട്. ഭീഷണി ഒഴിഞ്ഞതിനുശേഷമാണ് സ്ഥാപനം തുറന്നുപ്രവർത്തിക്കുന്നത്. സ്ഥിതിഗതികള്‍ ഇങ്ങനെ പോവുകയോ ഇതിലും രൂക്ഷമാവുകയോ ചെയ്താല്‍ ജോലിയും ശമ്പളവും ഇല്ലാതാകുമോ എന്ന് പേടിയിലാണ് പ്രവാസികള്‍.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെയും ഇറാൻ സംഘർഷം കാര്യമായി ബാധിക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, ബസുമതി അരി തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കൂടുതല്‍ കയറ്റി അയയ്ക്കുന്നത്. 2024-25 വർഷത്തില്‍ മാത്രം 8.55 ലക്ഷം മെട്രിക് ടണ്‍ ബസുമതി അരിയാണ് ഇറാനിലേക്ക് കയറ്റി അയച്ചത്. 2024ല്‍ കയറ്റി അയച്ചത് 38.72 മെട്രിക് ടണ്‍ ഏലമാണ്. ഇന്ത്യയില്‍ഏലം ഉല്പാദിപ്പിക്കുന്നതില്‍ കൂടുതലും കേരളത്തിലാണെന്നും ഓർക്കണം.
ഗള്‍ഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. എണ്ണയുള്‍പ്പെടെയുള്ളവ നമ്മുടെ നാട്ടിലെത്തിക്കാനുള്ള ചെലവ് പരമാവധി കുറയ്ക്കാൻ ഈ കടലിടുക്ക് വഹിക്കുന്ന പങ്ക് ചെറുതല്ല. സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായാണ് റിപ്പോർട്ട്. ലോകത്തിലെ എണ്ണ, പ്രകൃതിവാതക നീക്കത്തിന്റെ പകുതിയോളം നടക്കുന്നത് ഹോർമുസ് കടലിടുക്കുവഴിയാണ്. ഒരുദിവസം 55 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതില്‍ പകുതിയോളം ഹോർമുസ് വഴിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. അമേരിക്കൻ വ്യാപാര കരാറിനെത്തുടർന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നോ ഇല്ലയോ എന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടുന്നതിനാകും ഹോർമുസ് അടച്ചത് ഇടയാക്കുക. എണ്ണവില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കറ്റത്തിനും ഇടയാക്കും.
ഹോർമുസ് അടച്ചിരിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ചരക്കുകപ്പലുകള്‍ക്ക് യാത്രാ ദൂരം കൂട്ടും. ഇപ്പോഴുള്ളതിനേക്കാള്‍ 20 ദിവസത്തോളം അധികം സഞ്ചരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇത് സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.
ഇന്ത്യ ഇറാനില്‍ ഏറെ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഛാബഹാർ തുറമുഖത്ത്. അമേരിക്കൻ ആക്രമണത്തില്‍ അതിഭീകരമായ നാശനഷ്ടമാണ് ഛാബഹാർ തുറമുഖത്തിനുണ്ടായത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഈ തുറമുഖത്തിന്റെ പുനർനിർമാണം നടത്തണമെങ്കില്‍ കോടികള്‍ ചെലവാക്കേണ്ടിവരും...