ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക്. കേരളം അടഞ്ഞുകിടന്നേക്കും, രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സിഐടിയു...
കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ചെറുത്തുനില്‍പ്പിന്റെ പുതുയുഗമാണ് ഫെബ്രുവരി 12ലെ രാജ്യവ്യാപക പണിമുടക്കിലൂടെ തുടങ്ങുന്നത്. വർധിച്ച ആവേശത്തിലാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കേരളത്തില്‍ ദേശീയ പണിമുടക്ക് ശക്തമാകും.
തൊഴിലാളിവിരുദ്ധമായ നാല് തൊഴില്‍ കോഡുകള്‍ പിൻവലിക്കുക എന്നാണ് ഫെബ്രുവരി 12ലെ പണിമുടക്കില്‍ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. തൊഴിലുറപ്പ് അട്ടിമറിച്ചുള്ള വിബിജിആർഎഎംജി ബില്‍, വൈദ്യുതി ഭേദഗതി ബില്‍, സബ്‌കാ ബീമാ സബ്‌കി സുരക്ഷ ബില്‍, വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാൻ ബില്‍ എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി അറിയിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പണിമുടക്ക് വിജയിപ്പിക്കണം. സിഐടിയുവിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കും. ലക്ഷക്കണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങും. സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ കർഷക സംഘടനകളുടെയും പിന്തുണയോടെയായിരിക്കും സമരം. മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനതല കണ്‍വൻഷനുകള്‍, യൂണിറ്റ് യോഗങ്ങള്‍ എന്നിവയും പ്രചാരണ പരിപാടികളും നടന്നുവരുന്നുവെന്ന് എളമരം കരീം വ്യക്തമാക്കി.
ഫെബ്രുവരി 12ലെ പണിമുടക്ക് ദിവസം സിഐടിയു വിവിധ കേന്ദ്രങ്ങളില്‍ കൂട്ടായ്‌മ സംഘടിപ്പിക്കും. സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളി സംഘടനകളും പിന്തുണയ്‌ക്കും. ബാങ്ക്, ഇൻഷുറൻസ് മേഖലയില്‍ ജോലി ചെയ്യുന്നവർ, പ്രതിരോധ മേഖലയിലെ ജീവനക്കാർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, വൈദ്യുതി മേഖല ജീവനക്കാർ എന്നിവരും പണിമുടക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞുവെന്ന് എളമരം കരീം അറിയിച്ചു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ കർണാടകയില്‍ നടപ്പിലാക്കാനുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ ലേബർ കോഡുകളേക്കാള്‍ തീവ്രമായ തൊഴിലാളി വിരുദ്ധ നയങ്ങളാണ് കർണാടക സർക്കാർ സ്വീകരിക്കുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി.
രാജ്യത്തെ പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ചേർന്നാണ് ഫെബ്രുവരി 12ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക മോർച്ചയും, മഹിളാ - യുവജന - വിദ്യാർഥി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുമെന്ന് മുൻപ് അറിയിച്ചിരുന്നു...