മത്സരയോട്ടം. മാനാഞ്ചിറയില്‍ യാത്രക്കാരുടെ ജീവൻ പന്താടിയ സ്വകാര്യ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു...
നഗരമധ്യത്തില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ അതിക്രമം കാണിക്കുകയും മറ്റൊരു ബസിലിടിച്ച് അപകടമുണ്ടാക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് - ഫറോക്ക് റൂട്ടിലോടുന്ന 'ഗ്രീൻസ്' ബസിലെ ഡ്രൈവർ പെരുമണ്ണ സ്വദേശി കെ.കെ. മജ്‌റൂഫിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30-ഓടെ മാനാഞ്ചിറ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു യാത്രക്കാരെ നടുക്കിയ സംഭവം. മെഡിക്കല്‍ കോളേജ് - മാറാട് റൂട്ടിലോടുന്ന 'കീർത്തന' ബസുമായി മജ്‌റൂഫ് ഓടിച്ചിരുന്ന ബസ് മത്സരയോട്ടം നടത്തി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്, മാനാഞ്ചിറയില്‍ വെച്ച് കീർത്തന ബസിന്റെ വശത്തേക്ക് മജ്‌റൂഫ് തന്റെ ബസ് മനഃപൂർവ്വം ഇടിപ്പിച്ചു കയറ്റുകയായിരുന്നു.
രണ്ട് ബസുകളിലും നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു ഈ അഭ്യാസ പ്രകടനം. വലിയ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികള്‍ പകർത്തിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കീർത്തന ബസ് ഡ്രൈവർ നല്‍കിയ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്...