ലഹരി വാങ്ങാൻ പണം നല്‍കിയില്ല. ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തി കൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു...
ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഫറോക്ക് സ്വദേശി ജബ്ബാറിന്റെ ഭാര്യ മുനീറയാണ് മരിച്ചത്. വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
ഫറോക്ക് കരുവൻതിരുത്തി കോതാർതോട് ചരമ്മല്‍ തൊടി കളത്തിങ്ങല്‍ അബ്ദുള്‍ ഖാദറിന്റെ മകളാണ്‍! സി.ടി. മുനീറ (31) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. വെട്ടിപ്പരിക്കേല്‍പ്പിച്ച ഭർത്താവ് ഫാറൂഖ് കോളേജ് പാണ്ടികശാല റോഡില്‍ മക്കാട്ട് കമ്ബിളിപ്പുറത്ത് അബ്ദുള്‍ ജബ്ബാറിനെ (40) പോലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. പ്രതിക്കെതിരെ മുൻപും ഭാര്യയെ ആക്രമിച്ചതിന് കേസുണ്ട്. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് കൊല്ലപ്പെട്ട മുനീറയുടെ ബന്ധുക്കളുടെ ആരോപണം.
ബുധനാഴ്ച രാവിലെ 9.30-നാണ് ആക്രമണം ഉണ്ടായത്. മുനീറ, പ്രദേശത്തെ സൂപ്പർമാർക്കറ്റില്‍ ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. ലഹരി വാങ്ങാൻ പണമില്ലെന്നറിഞ്ഞതോടെ മുറി അടച്ചിട്ടശേഷം അബ്ദുള്‍ ജബ്ബാർ മുനീറയെ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്‌ക്കു പിന്നിലും ചെവിയിലും പുറത്തുമായി നാലുതവണയാണ് വെട്ടിയത്. മുനീറയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ആറും എട്ടും വയസ്സുള്ള കുട്ടികളും ഭർത്തൃമാതാവും ആർത്തുകരഞ്ഞു. ഇതുകേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വീട്ടിലെത്തി, അടച്ചിട്ട മുറി കുത്തിത്തുറന്ന് മുനീറയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഒരുവർഷം മുൻപും ജബ്ബാർ ഭാര്യയ്‌ക്കുനേരേ ആക്രമണം നടത്തിയിരുന്നതായാണ് വിവരം. അന്ന് മുനീറയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇരുവരും വിവാഹബന്ധം വേർപിരിയുന്ന ഘട്ടംവരെയെത്തി. എന്നാല്‍, പിന്നീട് മക്കളെ ഓർത്ത് മുനീറതന്നെ ജബ്ബാറിനൊപ്പം വീണ്ടും താമസിക്കാൻ തയ്യാറാവുകയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു....