സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം. മരണസംഖ്യ രണ്ടായി. കാണാതായ നാല് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി...
പത്തനംതിട്ട തൂമ്ബാക്കുളത്ത് സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ രണ്ടായി. നേരത്തെ ഏഴു വയസുകാരി മരിച്ചിരുന്നു. പിന്നാലെയാണ് ഓട്ടോയിലുണ്ടായിരുന്ന നാല് വയസുകാരൻ യദു കൃഷ്ണനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാമ്ബിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥിനിയായ ഏഴു വയസുകാരി ആദിലക്ഷ്മിയാണ് അപകടത്തില്‍ ആദ്യം മരിച്ചത്. ആറ് കുട്ടികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ നാലു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യദു കൃഷ്ണനുവേണ്ടി അപകടസ്ഥലത്ത് ഫയർഫോഴ്സ് തിരച്ചില്‍ നടത്തിയതിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവർക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്കൂള്‍ വിട്ട് കുട്ടികളുമായി വീടുകളിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ സ്ഥിരമായി പോകാറുള്ള ഓട്ടോ ആയിരുന്നില്ല അപകടത്തില്‍പ്പെട്ടത്, പകരം അയച്ച ഓട്ടോറിക്ഷയായിരുന്നു ഇത്. വളരെ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. നാട്ടുകാർ ഉടൻ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയും കിട്ടിയ വാഹനങ്ങളില്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മറ്റ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.