വോട്ടുണ്ടോ. എങ്കില്‍ പാട്ടുപാടാം...
പാട്ടുപാടി വോട്ടർമാരെ വശത്താക്കാനുള്ള വിദ്യയിലാണ് കോട്ടയം വാഴൂർ പഞ്ചായത്തിലെ 15-ാം വാർഡായ കണ്ട്രാച്ചിയിലെ ബി.ജെ.പി സ്ഥാനാർത്ഥി. ഫ്ളവേഴ്സ് ചാനലിലെ മ്യൂസിക്കല്‍ വൈഫ് റിയാലിറ്റിഷോയിലെ ഫസ്റ്റ് റണ്ണറപ്പായ അമൃത ജയകുമാറാണ് ബി.ജെ.പിക്കായി അങ്കത്തിനിറങ്ങുന്നത്. ഒന്നരപ്പതിറ്റാണ്ട് ബി.ജെ.പിയുടെ കൈവെള്ളയിലുണ്ടായിരുന്ന വാർഡ് തിരിച്ചു പിടിക്കുകയാണ് അമൃതയുടെ ലക്ഷ്യം. അഞ്ചാം ക്ളാസ് മുതല്‍ സംഗീത വഴിയേയാണ് അമൃത. ഗാനമേളകളിലും നാട്ടിലെ ക്ഷേത്രോത്സവങ്ങളിലും സ്ഥിരം പാട്ടുകാരി. ക്ളാസിക്കലോ, മെലഡിയോ, ഭക്തിഗാനമോ ഏതായാലും അമൃതയ്ക്ക് നിസാരം. നാട്ടുകാരുടെ പാട്ടുകാരി വോട്ട് ചോദിച്ചെത്തുമ്ബോള്‍ പാട്ടുപാടാതെ പറ്റില്ല. വോട്ട് കിട്ടിയാലും ഇല്ലെങ്കിലും പാട്ടുപാടിക്കൊടുക്കാൻ അമൃതയ്ക്ക് സന്തോഷം. ബാലഗോകുലത്തിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ അമൃത വാഴൂർ എൻ.എസ്.എസ് കോളേജ് പഠനകാലത്ത് എ.ബി.വി.പിയില്‍ സജീവമായി. 15 വർഷായി ബി.ജെ.പിയ്ക്ക് സ്വാധീനമുണ്ടായിരുന്ന വാർഡ് കഴിഞ്ഞ തവണയാണ് കൈവിട്ടു പോയത്. കന്നിക്കാരിയായ അമൃത കൊടുങ്ങൂർ സഹകരണ നിധി ലിമിറ്റഡില്‍ മാനേജർ കൂടിയാണ്. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ അരുണ്‍ എസ്.നായരാണ് ഭർത്താവ്. ഏക മകള്‍ ഗൗരി പാർവതി...