ചേര്‍ത്തുപിടിച്ച എല്ലാവര്‍ക്കും നന്ദി. ആശുപത്രി കിടക്കയില്‍ വെച്ച് വിവാഹിതയായ നവവധു സുഖം പ്രാപിക്കുന്നു...
വിവാഹദിനത്തില്‍ ഒരുങ്ങാനായി പോകുമ്ബോഴുണ്ടായ വാഹനാപകടത്തില്‍ വധുവിന് പരിക്കേറ്റ സംഭവം കേരളം ഏറെ വേദനയോടെയാണ് കേട്ടത്. വിവാഹത്തിനായി വധുവിനെ കാത്തിരുന്ന വരന്‍ കേട്ടത് അപകട വാര്‍ത്തയും. ആവണിയും ഷാരോണുമാണ് ഈ അസാധാരണ കഥയിലെ വരനും വധുവും. ഒരിക്കലും ആരും ആഗ്രഹിക്കാത്ത വിധിയാണ് അവരെ തേടിയെത്തിയത്. വിവാഹ മണ്ഡപത്തിലേക്കു പോകേണ്ട വധു നട്ടെല്ലിനു പരിക്കേറ്റ് ആശുപത്രിയിലേക്കു പോകുക.
എന്നാല്‍ വിധി നല്‍കിയ തിരിച്ചടിക്ക് അവരുടെ പ്രണയത്തെ തളര്‍ത്താന്‍ കഴിഞ്ഞില്ല. ആശുപത്രിക്കിടയില്‍ വച്ച് ആവണിക്ക് ധൈര്യം പകര്‍ന്ന് ഷാരോണ്‍ താലികെട്ടി. ഈ അസാധാരണ കാഴ്ച്ചയ്ക്ക് സാക്ഷികളായത് ഇരുവരുടെയും മാതാപിതാക്കും വിപിഎസ് ലേക്ഷോര്‍ ആശുപത്രി ജീവനക്കാരും.
ആലപ്പുഴ തുമ്ബോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആവണിയുടെ വിവാഹം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ എറണാകുളം വിപിഎസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തില്‍ നടക്കുകയായിരുന്നു.
ഇപ്പോഴിതാ, വേദനകളുടെ കാലം കടന്ന് ആവണി ചിരിക്കുകയാണ്. ഒരു നവവധുവിന്റെ സന്തോഷത്തോടെ. അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തിലും നൊമ്ബരങ്ങളിലും ചേര്‍ത്തുപിടിച്ചവര്‍ക്കും എറണാകുളം വിപിഎസ് ലേക്ഷോര്‍ ആശുപത്രിക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആവണി നന്ദി അറിയിച്ചു. അത്യാഹിത വിഭാഗത്തില്‍ വച്ച് വിവാഹിതയായ ആവണിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്ന് ആവണി വ്യക്തമാക്കി.
ആപത്തില്‍ ചേര്‍ന്നുനിന്ന ഭര്‍ത്താവ് ഷാരോണ്‍ ആത്മവിശ്വാസം പകര്‍ന്ന് ആവണിയുടെ ഒപ്പമുണ്ടായിരുന്നു. അപകടത്തിന് ശേഷം ആദ്യമായി വിപിഎസ് ലേക്ഷോറിന്റെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് ആവണി പ്രതികരിച്ചത്. സ്പൈന്‍ ശസ്ത്രക്രിയക്ക് ശേഷം ആവണിയെ തുടര്‍ചികിത്സയ്ക്ക് മുറിയിലേക്ക് മാറ്റിയിരുന്നു.
ആവണിയുടെ വാക്കുകള്‍: 'വിവാഹ സമ്മാനമായി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ ചികിത്സ സൗജന്യമാക്കിയതിനും ഇവിടുത്തെ ഓരോരുത്തരും നല്‍കിയ പിന്തുണകള്‍ക്കും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്. സ്പര്‍ശനമറിയാതെ, കാലുകള്‍ അവിടെയുണ്ടെന്ന് പോലും തിരിച്ചറിയാത്ത വിധത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്. വിരലുകള്‍ പോലും അനക്കാനാകാത്ത തനിക്ക് ഇനി എഴുന്നേറ്റ് നടക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലായിരുന്നു. എന്നാല്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മവിശ്വാസം പകര്‍ന്നു.
ശസ്ത്രക്രിയക്ക് ശേഷം ഫിസിയോ തെറാപ്പി ആരംഭിച്ചു. ഇപ്പോള്‍ സ്പര്‍ശനം തിരിച്ചറിയാനാകുന്നുണ്ട്. അധികം വൈകാതെ പഴയത് പോലെ എണീറ്റ് നടക്കാനാകുമെന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പായി. അപകടമുണ്ടായതോടെ എന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതമോ പോയി, ഷാരോണിന് കൂടി അതുണ്ടാകരുതെന്നാണ് ഓര്‍ത്തത്. എന്നാല്‍ ഷാരോണ്‍ എന്നെ ചേര്‍ത്തുപിടിച്ച് ഒപ്പം നിന്നു' - ആവണി കൂട്ടിച്ചേര്‍ത്തു.
ആവണിക്ക് അപകടം സംഭവിച്ച വിവരം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷാരോണ്‍ പറഞ്ഞു. എന്ത് തന്നെ സംഭവിച്ചാലും ജീവിത കാലം മുഴുവന്‍ ഒപ്പമുണ്ടെന്ന് അറിയിക്കാന്‍ ഓടിയെത്തുകയായിരുന്നുവെന്നും ഷാരോണ്‍ വ്യക്തമാക്കി. ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. സുദീഷ് കരുണാകരന്‍ ധൈര്യം പകര്‍ന്നു. മറ്റ് ഡോക്ടര്‍മാര്‍, ആശുപത്രി മാനേജ്‌മെന്റ്, ജീവനക്കാര്‍, ബന്ധുക്കള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നു. പല ഭാഷകളില്‍ നിന്നുള്ളവര്‍ സ്‌നേഹാശംസകള്‍ അറിയിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യസ്ഥിതി വീണ്ടെടുത്തതിന് ശേഷം ചെറിയ രീതിയില്‍ ഒരു വിവാഹ സല്‍ക്കാരം നടത്തണമെന്ന ആഗ്രഹമുണ്ടെന്നും ഷാരോണ്‍ പറഞ്ഞു...