ജോലിക്ക് പുറപ്പെട്ടപ്പോള്‍ ഏജന്റ് നല്‍കിയ ബാഗ് കൈവശം വച്ചത് ദുരിതത്തില്‍ അവസാനിച്ചു. മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ ഹൈദരാബാദ് സ്വദേശിനിയുടെ അപ്പീല്‍ ദുബൈ കോടതി തള്ളി...
മയക്കുമരുന്ന് കേസില്‍ 25 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന ഹൈദരാബാദ് സ്വദേശിനി അമീനാ ബീഗത്തിന്റെ ലീഗല്‍ ടീം സമർപ്പിച്ച അപ്പീല്‍ ദുബൈ കോടതി തള്ളി. ഇതോടെ അമീനയുടെ കുടുംബം അബുദാബിയിലെ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്.
ക്ഷയരോഗം ബാധിച്ച അമീനയ്ക്ക് ബാഗില്‍ നിന്ന് കണ്ടെത്തിയ നിരോധിത പദാർത്ഥങ്ങളെക്കുറിച്ച് അറിയില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തന്റെ 5 വയസ്സുള്ള മകനെ വളർത്താൻ ജോലിക്കായി ആദ്യമായിട്ടാണ് അവർ ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്തതെന്ന് മജ്ലിസ് ബച്ചാവോ തഹ്രീക്ക് (എം.ബി.ടി) വക്താവ് അംജദ് ഉല്ലാ ഖാൻ പറഞ്ഞു. ദയാഹർജിയും ഫയല്‍ ചെയ്യുമെന്നും യുഎഇ അധികാരികളുമായി ബന്ധപ്പെട്ടു കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിന് കത്തെഴുതുമെന്നും ഖാൻ പറഞ്ഞു. കസ്റ്റഡിയിലുള്ള മകളുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അപ്പീല്‍ തള്ളിയതായി അറിഞ്ഞപ്പോള്‍ അമീനയുടെ ഉമ്മ പൊട്ടിക്കരഞ്ഞതായി അദ്ദേഹം പറഞ്ഞു.
എങ്ങനെ തടവിലാക്കപ്പെട്ടു
കിഷൻബാഗ് നിവാസിയായ അമീനാ ബീഗം ഒരു ബ്യൂട്ടി പാർലറില്‍ ജോലി ലഭിച്ചതിനെ തുടർന്ന് 2025 മെയ് 18ന് ഹൈദരാബാദില്‍ നിന്ന് ബാങ്കോക്ക് വഴി ദുബായിലേക്ക് പറന്നു. എത്തിച്ചേരുമ്ബോള്‍ ഡെലിവറി ചെയ്യാൻ എന്ന് പറഞ്ഞു ഒരു ഏജന്റ് അവള്‍ക്ക് ബാഗ് നല്‍കി. ഉള്ളില്‍ എന്താണെന്ന് അവർക്ക് അറിയില്ലായിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായ അവർ പിന്നീട് നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് ശിക്ഷിക്കപ്പെടുകയായിരുന്നു.
ഭർത്താവ് ഇല്ലാത്ത യുവതിയുടെ പിതാവ് മുഹമ്മദ് അയൂബ് പക്ഷാഘാത രോഗിയാണ്.
കുടുംബത്തിന് നിയമപരമായ പ്രാതിനിധ്യം നല്‍കാൻ കഴിയാത്തതിനാല്‍, അമീനയുടെ കേസിനുള്ള ധനസമാഹരണ ശ്രമത്തിന് നേതൃത്വം നല്‍കുകയും ഏകോപിപ്പിക്കുകയും ചെയ്തത് അംജെദ് ഉല്ലാ ഖാൻ ആയിരുന്നു...