മോൻത ചുഴലിക്കാറ്റ് ഇന്ന് കരതൊടും. സംസ്ഥാനത്ത് മഴ ശക്തമാകും, ഏഴിടത്ത് യെല്ലോ അലേര്‍ട്ട്...
മോൻത ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞദിവസങ്ങളിലേതിന് സമാനമായി ശക്തമായ മഴയാണ് ഇന്നും പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലേർട്ട്
- 28 - 1 0- 2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
പ്രത്യേക ജാഗ്രത നിർദേശം
തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്നിട്ടുള്ള തെക്കു കിഴക്കേ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റ് നിലനില്‍ക്കുന്നു.
മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെയോടെ മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റർ വരെയും വേഗതയില്‍ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത.
ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍
30/10/2025, 31/10/2025 തീയതികളില്‍ ആന്ധ്രപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തമിഴ്‌നാട് തീരം
വടക്കൻ തമിഴ്‌നാട് തീരം, പുതുച്ചേരി തീരം എന്നിവിടങ്ങളില്‍ 29/10/2025ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവർ എത്രയും വേഗം തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിർദേശമുണ്ട്...