ക്ഷേമ പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 27 മുതല്‍...
ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകളാണ് വിതരണത്തിനെത്തുന്നത്. പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 27ന് ആരംഭിക്കുമെന്ന് കാണിച്ച് ധനകാര്യമന്ത്രിയുടെ ഓഫീസും പ്രസ്താവനയിറക്കി.
പെന്‍ഷന്‍ ഉയരുമോ?
സംസ്ഥാനത്തെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇത്തവണ പെന്‍ഷന്‍ സംഖ്യയില്‍ മാറ്റങ്ങളില്ല, എല്ലാവര്‍ക്കും 1,600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം പേരുടെ പണം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. ബാക്കിയുള്ളവരുടേത് സഹകരണ ബാങ്കുകള്‍ വഴി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കൈമാറും.
ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. 8.46 ലക്ഷം പേര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്. ഇവരുടെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായുള്ള 24.21 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി അടിസ്ഥാനത്തില്‍ അനുവദിച്ചു.
കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനത്തിലൂടെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തണം. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം 43,653 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചെലവഴിച്ചത്.
അതേസമയം, നവംബര്‍ 1 ന് മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങളില്‍ ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തുന്ന കാര്യം പരാമര്‍ശിക്കുമെന്നാണ് വിവരം. 2,000 രൂപയാക്കി പെന്‍ഷന്‍ ഉയര്‍ത്താനാണ് സാധ്യത.