കൊച്ചിയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റ്, അറബിക്കടലിന് മുകളിലൂടെ സഞ്ചരിക്കവേ 34കാരന് ഹൃദയാഘാതം, രക്ഷകരായി മലയാളി നഴ്സുമാര്‍...
യുഎഇയിലേക്കുള്ള വിമാന യാത്രക്കിടെ ഹൃദയാഘാതമുണ്ടായ തൃശൂർ സ്വദേശിക്ക് രക്ഷകരായി മലയാളി നഴ്സുമാർ. അബുദാബിയിലേക്കുള്ള യാത്രക്കിടെയാണ് 34 കാരന് ഹൃദയാഘാതമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്ത് ജീസ് (26), ചെങ്ങന്നൂർ സ്വദേശി അജീഷ് നെല്‍സണ്‍ (29) എന്നിവരാണ് സിപിആർ ഉള്‍പ്പടെ നല്‍കി യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ചത്.
ഒക്ടോബർ 13-ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3L 128 വിമാനത്തിലേറിയ യുവ നേഴ്സുമാരായ വയനാട്ടുകാരൻ അഭിജിത്ത് ജീസിന്റെയും ചെങ്ങന്നൂർ സ്വദേശി അജീഷ് നെല്‍സൻറെയും മനസ്സ് നിറയെ യുഎഇയിലെ പുതിയ തുടക്കത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളുമായിരുന്നു. ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര വിമാനയാത്ര. യുഎഇ യിലെ റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങിന്റെ ഭാഗമായ റെസ്പോണ്‍സ് പ്ലസ് മെഡിക്കലില്‍ (ആർപിഎം) രജിസ്റ്റേർഡ് നേഴ്സായി ജോലി തുടങ്ങാനുള്ള യാത്ര. എന്നാല്‍, ആദ്യ യാത്ര തന്നെ അഭിമാന യാത്രയായ കഥയാണ് ഇരുവർക്കും പറയാനുള്ളത്. പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലില്‍ സ്ഥാപകനും ബോർഡ് മെമ്ബറുമായ റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ് യുഎഇയിലെ ഏറ്റവും വലിയ അടിയന്തര, ഓണ്‍സൈറ്റ് മെഡിക്കല്‍ സേവനദാതാവാണ്.
35,000 അടി ഉയരത്തിലൊരു മെഡിക്കല്‍ എമർജൻസി
പുലർച്ചെ 5:30 നായിരുന്നു ഫ്ലൈറ്റ്. വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുമ്ബോള്‍, ഏകദേശം 5:50 ആയപ്പോള്‍, അടുത്തുള്ള സീറ്റില്‍ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നിയാണ് അഭിജിത്ത് തിരിഞ്ഞു നോക്കിയത്. "ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പള്‍സ് നോക്കി കിട്ടാതെ വന്നപ്പോള്‍ തന്നെ മനസിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്," അഭിജിത്ത് പറയുന്നു.
മുപ്പത്തിനാലുകാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാന ജീവനക്കാരെ അറിയിച്ചതോടൊപ്പം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സിപിആർ നല്‍കാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സിപിആർ നല്‍കിയതോടെ രോഗിക്ക് പള്‍സ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുല്‍ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകള്‍ നല്‍കി, വിമാനം അബുദാബിയില്‍ സുരക്ഷിതമായി ഇറങ്ങുന്നത് വരെ അദ്ദേഹത്തിന്റെ അവസ്ഥ വഷളാകാതിരിക്കാൻ ശ്രമിച്ചു.
"ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി തോന്നി," അജീഷ് പറയുന്നു. എയർപോർട്ടിലെ ചികിത്സക്ക് ശേഷം അടിയന്തരനില തരണം ചെയ്ത രോഗിയുടെ കുടുംബവും ഇരുവരോടും നന്ദി പറഞ്ഞു.