ഹെവി ഡ്രൈവര്‍മാര്‍ക്ക് റോഡിലെ കാഴ്ച മറയില്ല. ഇന്നു മുതല്‍ ബ്ലൈൻഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം. ലംഘിച്ചാല്‍ 1000 രൂപ പിഴ...
സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. കാല്‍ നടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്‌പോട്ടില്‍ ഇരുചക്രവാഹന യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടമരണങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് ഈ തീരുമാനം. അടുത്ത കാലത്തുണ്ടായ ഭൂരിഭാഗം അപകടങ്ങളും വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ച എത്താത ബ്ലൈൻഡ് സ്‌പോട്ടില്‍ വച്ചാണ് സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റ് 8 ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ) യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിർദേശം ലംഘിച്ചാല്‍ മോട്ടോർ വാഹന വകുപ്പ് ആയിരം രൂപ പിഴയീടാക്കും.
സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകള്‍, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങള്‍, കോണ്‍ട്രാക്‌ട് കാരിയേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ എന്നിവയ്ക്ക് ഇന്നു മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകള്‍ നിർബന്ധമാണ്. വാഹന ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകള്‍, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകള്‍. ഈ ബ്ലൈൻഡ് സ്‌പോട്ടുകളിലെ കാഴ്ച പരിമിതി ഒഴിവാക്കാൻ വാഹനങ്ങളുടെ സൈഡ് മിററുകളില്‍ അധികമായി സ്ഥാപിക്കുന്ന ചെറിയ കോണ്‍വെക്‌സ് കണ്ണാടികളാണ് ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികള്‍ അഥവാ ഫിഷ് ഐ മിററുകള്‍. ഹെവി വാഹന ഡ്രൈവർമാർക്ക് ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികളുടെ ശരിയായ ഉപയോഗത്തില്‍ പരിശീലനം നല്‍കാൻ എല്ലാ റീജ്യനല്‍ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിർദേശം പാലിക്കപ്പെട്ടിട്ടില്ല...