ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ദുരുപയോഗം. കേന്ദ്രം തന്നെ പൂട്ടിടും, സമാന്തര സര്‍വീസുകള്‍ തടയാം, KSRTC-ക്ക് രക്ഷ...
വ്യവസ്ഥകളിലെ പഴുത് മുതലെടുത്ത് ഓള്‍ഇന്ത്യാ പെർമിറ്റെടുത്ത വാഹനങ്ങള്‍ റൂട്ട് ബസായി ഓടുന്നത് തടയാൻ കേന്ദ്രസർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഓള്‍ഇന്ത്യാ പെർമിറ്റ് ദുരുപയോഗത്തിനെതിരേ പരാതിപ്പെട്ട പശ്ചാത്തലത്തില്‍കൂടിയാണ് കേന്ദ്രനീക്കം. പെർമിറ്റില്‍ ചില അവ്യക്തതകള്‍ നിലനിന്നത് ഒഴിവാക്കുന്നതാണ് ഭേദഗതി.
റൂട്ട് സമയം, ടിക്കറ്റ് നിരക്ക് എന്നിവ പ്രഖ്യാപിച്ച് റൂട്ട് സർവീസുപോലെ ഓടുന്നത് തടയുന്നതാണ് ഭേദഗതി. ഒരുകൂട്ടം സഞ്ചാരികളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കരാർ വ്യവസ്ഥയില്‍ കൊണ്ടുപോകാൻ മാത്രമാണ് അനുമതി. നിലവിലെ കോണ്‍ട്രാക്‌ട് കാരേജുകള്‍ക്ക് തുല്യമാണിത്. മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാൻ പ്രത്യേക പെർമിറ്റിന്റെ ആവശ്യമില്ല. ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ടൂർ പാക്കേജുകള്‍ക്ക് നിലവിലെ കോണ്‍ട്രാക്‌ട് കാരേജ് സംവിധാനം തടസ്സമായതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ ഓള്‍ ഇന്ത്യാപെർമിറ്റ് സംവിധാനം കൊണ്ടുവന്നത്.
വാഹൻ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന യാത്രാവിവരങ്ങള്‍ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാനാകും. വലിയ ബസുകള്‍ക്ക് എത്താൻകഴിയാത്ത അരുണാചല്‍പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളില്‍ ഇവ രജിസ്ട്രേഷൻ നേടുന്നുവെന്നത് വിവാദമായിരുന്നു.
ഇത്തരത്തിലുള്ള പെർമിറ്റ് ദുരുപയോഗം തടയുന്ന കർശനവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ വിജ്ഞാപനത്തിന്റെ കരട് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. ഓള്‍ഇന്ത്യാ പെർമിറ്റിന്റെ മറവിലെ സമാന്തര സർവീസുകള്‍ കെഎസ്‌ആർടിസിക്ക് വൻ ഭീഷണിയായിരുന്നു. ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഇവ പൂർണമായും തടയാനാകും.
പ്രധാന മാറ്റങ്ങള്‍
- റൂട്ട്ബസ് പോലെ വഴിയില്‍നിന്ന് യാത്രക്കാരെ കയറ്റുന്നതിനും ടിക്കറ്റ് നല്‍കുന്നതിനും വിലക്ക്
- യാത്രാവിവരങ്ങള്‍ വാഹൻ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം
- പെർമിറ്റ് എടുക്കുന്ന മാതൃസംസ്ഥാനത്ത് 45 ദിവസത്തിലൊരിക്കല്‍ എത്തണം.