ദമ്ബതിമാര്‍ മുങ്ങിത്താഴുന്നത് ബൈക്കില്‍ പോകവേ ടോജിൻ കണ്ടു. കടലില്‍ എടുത്തുചാടി, രക്ഷിച്ചത് രണ്ടു ജീവൻ. സംഭവം കൊല്ലത്ത്...
തമിഴ്നാട്ടിലെ കുമ്ബനാട്ടുനിന്ന് കൊല്ലം ബീച്ച് സന്ദർശിക്കാനെത്തിയ ദമ്ബതിമാർ തിരയില്‍ മുങ്ങിത്താണു. മത്സ്യത്തൊഴിലാളികളും പള്ളിത്തോട്ടം സ്വദേശിയായ യുവാവും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 11-നാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍നിന്ന് രാവിലെ ബീച്ചിലെത്തിയതാണ് കുടുംബം. ശക്തമായ തിരയുണ്ടായിരുന്നതിനാല്‍ ലൈഫ് ഗാർഡുകള്‍ ഇവരെ കടലില്‍ ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. ബീച്ചില്‍നിന്നുമാറി കടലോരത്തുകൂടി നടക്കുന്നതിനിടയിലാണ് കുന്പനാട് സ്വദേശിയായ ഉഷയും ഭർത്താവ് രാമലിംഗവും തിരയില്‍പ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി.
മകളെയും കൊണ്ട് ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന പള്ളിത്തോട്ടം സംഗമനഗർ സ്വദേശിയായ ടോജിൻ രാജ് സംഭവം കണ്ടയുടൻ ബൈക്ക് നിർത്തിയിറങ്ങി. കടലില്‍ ചാടിയ ടോജിൻ, മുങ്ങിത്താണവരെ രക്ഷപ്പെടുത്തുകയായിരുന്നു. പള്ളിത്തോട്ടം പോലീസും സ്ഥലത്തെത്തി.
സുരക്ഷ അകലെ
മിക്കപ്പോഴും ശക്തമായ കടലേറ്റമുണ്ടാകുന്ന കൊല്ലം ബീച്ചിനെ അപകടരഹിതമാക്കാനുള്ള നടപടികള്‍ വർഷങ്ങള്‍ക്കുമുൻപുതന്നെ ആരംഭിച്ചതാണ്. മദ്രാസ് ഐഐടിയടക്കം ഈ വിഷയത്തില്‍ പഠനം നടത്തുകയും ചെയ്തു. തീരം സംരക്ഷിക്കാനും ബീച്ച് കാണാൻ എത്തുന്നവരെ സുരക്ഷിതരാക്കാനുമുള്ള നടപടികള്‍ തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
തീരം താഴ്ന്ന് അപകടങ്ങള്‍ പതിവായ കൊല്ലം ബീച്ചില്‍ സിന്തറ്റിക് ജിയോട്യൂബുകളില്‍ മണല്‍നിറച്ച് അടുക്കുകളാക്കി സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, രണ്ടുവർഷമായിട്ടും ഇത് നടപ്പാകാതെവന്നതോടെ ഒട്ടേറെപ്പേരാണ് അപകടത്തില്‍പ്പെടുന്നത്.
ലൈഫ് ഗാർഡുകള്‍ക്കും രക്ഷയില്ല
അപകടകരമായ സാഹചര്യങ്ങളില്‍ ബീച്ചില്‍ ഇറങ്ങുന്നത് തടയാൻ ശ്രമിക്കുന്ന ലൈഫ് ഗാർഡുകളെ അസഭ്യം പറയുന്നവർ ധാരാളമുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി ഏഴ് ലൈഫ് ഗാർഡുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. തിരക്കേറുമ്ബോള്‍ എല്ലായിടത്തേക്കും ഇവർക്ക് ഓടിയെത്താൻ കഴിയാറില്ല. ബീച്ചിന്റെ പരിധിയിലില്ലാത്ത സ്ഥലങ്ങളില്‍ അപകടമുണ്ടായാല്‍പ്പോലും അസഭ്യവർഷവും അപമാനവും നേരിടേണ്ടിവരുന്നതായി ലൈഫ് ഗാർഡുകള്‍ പറയുന്നു. പ്രവർത്തനക്ഷമമായ മൈക്കടക്കമുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്...