സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹർജി തള്ളി...
റിയാദിലെ ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസില് കീഴ് കോടതിയുടെ വിധി ശരിവെച്ച് സഊദി സുപ്രിം കോടതിയുടെ ഉത്തരവ്. അപ്പീല് കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന് നല്കിയ അപ്പീല് സുപ്രിംകോടതി തള്ളുകയായിരുന്നു. ഇതോടെ റഹീമിനെതിരെയുളള കോടതി നടപടി അവസാനിച്ചു.
19 വര്ഷത്തിലധികം തടവില് കഴിഞ്ഞ സാഹചര്യത്തില് റഹീമിന്റെ മോചനം ഏതു സമയവും പ്രതീക്ഷിക്കാമെന്നാണ് നിഗമനം. ഏറെ പ്രമാദമായ കേസില് അബദുറഹീമിനെതിരെ നേരത്തെ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ദിയാ ധനം നല്കിയതിനെ തുടര്ന്ന് കുടുംബം മാപ്പുനല്കിയതോടെയാണ് വധ ശിക്ഷ റദ്ദാക്കിയത്.
നേരത്തെ മെയ് 26ന് ഇരുപത് വര്ഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല് കോടതിയുടെ വിധി ജൂലൈ 9 ന് അപ്പീല് കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രിംകോടതിയില് അപ്പീല് നല്കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് അപ്പീല് കോടതിയിലും സുപ്രിംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവര് ഓഫ് അറ്റോര്ണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു.
പബ്ളിക് റൈറ്റ് പ്രകാരം വിചാരണ നേരിട്ട റഹീമിന് ഈ വര്ഷം ജൂലൈ 26ന് റിയാദ് ക്രിമിനല് കോടതി ഇരുപത് വര്ഷം തടവു ശിക്ഷ വിധിച്ചു. വിധിക്കെതിരെ പ്രോസിക്യൂഷന് അപ്പീല് സമര്പ്പിച്ചെങ്കിലും ജൂലൈ 9 ന് കോടതി തളളി. തുടര്ന്നാണ് സുപ്രീം കോടതയില് അപ്പീല് സമര്പ്പിച്ചത്. ഇതും തളളിയതോടെ റഹീമിനെതിരെ ഇനി കോടതി നടപടി ഉണ്ടാവില്ല. റിയാദ് ജയിലിലെ നടപടിക്രമങ്ങള് പൂര്ത്തിയാക്കി റഹീമിന് ഇന്ത്യയിലേയ്ക്കു മടങ്ങാന് കഴിയും.
സുപ്രീം കോടതി വിധി ഏറെ സന്തോഷം നല്കുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി ചെയര്മാന് സി പി മുസ്തഫ, ജനറല് കണ്വീനര് അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര് സെബിന്, യുസഫ് കാക്കഞ്ചേരിഎന്നിവര് പറഞ്ഞു...