ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ. ടാങ്കര്‍ ലോറി പറമ്ബില്‍ കുടുങ്ങി...
സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന് എത്തിയ ടാങ്കർ ലോറി ഉദ്ദേശിച്ച വീട്ടിലെത്തേണ്ടതിനു പകരം ഗൂഗിള്‍ മാപ്പ് നോക്കി മറ്റൊരു വഴിയിലൂടെയെത്തി പറമ്ബില്‍ കുടുങ്ങി. രണ്ടാംമൈലില്‍ ചെളി നിറഞ്ഞ പറമ്ബില്‍ കുടുങ്ങിയ ലോറി ജെസിബി ഉപയോഗിച്ച് കെട്ടിവലിച്ചാണ് പിന്നീട് റോഡിലെത്തിച്ചത്.
ചേർത്തലയില്‍നിന്ന് കൂരാലി വഴി പൊൻകുന്നം - പാലാ റോഡിലെത്തിയ ടാങ്കർ ലോറി ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വഴിതെറ്റി കുടുങ്ങിയത്. കൊപ്രാക്കളം ആശുപത്രിയുടെ അരികിലൂടെയുള്ള വഴിയിലെ ഒരു വീട്ടിലെത്തേണ്ട സംഘം അര കിലോമീറ്റർ മുന്പ് രണ്ടാംമൈല്‍ കവലയില്‍നിന്ന് പനമറ്റം റോഡിലേക്ക് ഗൂഗിള്‍ മാപ്പ് തെറ്റായ ദിശ കാണിച്ചതോടെ കയറി. ഇളങ്ങുളം മുത്താരമ്മൻ കോവിലിന്‍റെ അരികിലൂടെയുള്ള റോഡിലൂടെ എത്തിയ ലോറിക്ക് മുന്പില്‍ വഴി തീർന്ന് ചെളിനിറഞ്ഞ പറമ്ബില്‍ ചക്രങ്ങള്‍ പുതഞ്ഞ് കുടുങ്ങി. പത്രം ഏജന്‍റ് നെടുമ്ബേല്‍ രഘുനാഥിന്‍റെ വീടിന് സമീപം പുരയിടത്തിലാണ് ലോറി എത്തിയത്. ടയറുകള്‍ ചെളിയില്‍ പുതഞ്ഞ് ഓടിച്ച് തിരികെ കയറ്റാനാവാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് വലിച്ചുകയറ്റിയത്...