ഓണം പേമാരി കൊണ്ടുപോകും. ഉത്രാടത്തിന് പുതിയ ന്യൂനമര്‍ദമെത്തും, കേരളം വെള്ളത്തിലായേക്കും...
കേരളത്തില്‍ ഇത്തവണ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഓണത്തിനും ശക്തമായ മഴ തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ നാല് ഉത്രാട ദിനത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാം. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഉത്രാടം മുതല്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
അത്തം മുതല്‍ തന്നെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പൂവണിയ്ക്ക് ഉള്‍പ്പെടെ ഇത് തിരിച്ചടിയായി. തിരുവോണം വരെ മഴ കനക്കുന്നത് മൊത്തത്തിലുള്ള വിപണിയെ മോശമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സാധ്യത കച്ചവടക്കാരിലും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഉത്രാടപാച്ചിലില്‍ ഉണ്ടാകുന്ന തിരക്കിനെയും മഴ ബാധിക്കും. കേരളത്തിലെ പല ക്ലബ്ബുകളും ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ഒഡിഷ തീരത്തേക്ക് നീങ്ങിയതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ ലഭിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 30 മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നും നാളെയും മാത്രമാണ് മഴ മുന്നറിയിപ്പുകളുള്ളത്. ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. നാളെ ഓഗസ്റ്റ് 29ന് കാസര്‍ഗോഡ് മുതല്‍ ഇടുക്കി വരെയുള്ള ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.