വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം. നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുന്നു, സനയിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും...
യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തീവ്രശ്രമങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ കോടതിയില്‍ ഇന്ന് ഹർജി നല്‍കും. സനായിലെ ക്രിമിനല്‍ കോടതിയിലാണ് ഹർജി നല്‍കുക. കൊല്ലപ്പെട്ട യെമനി പൗരന്‍റെ കുടുംബവുമായി ചർച്ച നടക്കുന്നതിനാല്‍ നീട്ടിവെക്കണം എന്നാണ് ആവശ്യപ്പെടുക.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാൻ നടക്കുന്ന ചർച്ചകളില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യം ആകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നല്‍കുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടണം എന്നാണ് ഇന്നലെ തലാലിന്റെ സഹോദരൻ അറിയിച്ചത്. ഇതുവരേയും കുടുംബത്തിന്റെ അഭിപ്രായം മാധ്യസ്ഥ സംഘത്തെ അറിയിച്ചിട്ടില്ല. യമനിലെ ദമാറില്‍ തുടരുകയാണ് മാധ്യസ്ഥ സംഘം. ഇന്ന് തലാലിന്റെ ബന്ധുക്കളെയും ഗോത്ര നേതാക്കളെയും വീണ്ടും കാണും. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകള്‍ അതീവ നിർണായകമാണ്. ഇന്നലെ നടന്ന ചർച്ചയില്‍ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. കുടുംബം ഇന്ന് നിലപാടറിയിച്ചാല്‍ ചർച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.
2017 ജൂലൈ 25ന് യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു...