കൊല്ലം സ്വദേശിനി അതുല്യയുടെ മരണം. അന്വേഷണത്തിന് എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി...
ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണം അന്വേഷിക്കാൻ ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഭർത്താവ് സതീഷ്.
മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതുല്യ അവസാനമായി സഹോദരിക്ക് അയച്ച ശബ്ദ സംഭാഷണം പുറത്തു വന്നിരുന്നു. ഭർത്താവ് സതീഷ് ക്രൂരമായി മർദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ അതുല്യയുടെ മരണത്തിൽ താൻ നിരപരാധിയാണെന്നായിരുന്നു ഭർത്താവ് സതീഷിന്റെ പ്രതികരണം...