കോട്ടയം കങ്ങഴയിൽ ടിപ്പര്‍ ലോറിയുമായി എത്തി റോഡരികിലെ പെട്ടിക്കടയും വീടും ഇടിച്ചു തകര്‍ത്തു, വീടിന് തീയിട്ടു. കോട്ടയം കങ്ങഴ സ്വദേശി കൊച്ചുപറമ്ബില്‍ ഷിബു സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം കങ്ങഴയിൽ ടിപ്പര്‍ ലോറിയുമായി എത്തിയയാള്‍ റോഡരികിലെ പെട്ടിക്കടയും വീടും ഇടിച്ചു തകര്‍ത്തു. തുടര്‍ന്നു വീടിന് തീയിട്ടു. വീട്ടുസാധനങ്ങള്‍ക്ക് ഒപ്പം കെട്ടിയിട്ടിരുന്ന നായ്ക്കുട്ടിയും കത്തിയമര്‍ന്നു. ദേവഗിരി കവലയില്‍ കളത്തില്‍ പറമ്ബില്‍ വിജയന്റെ ( 60 ) പെട്ടിക്കടയും സമീപത്തുള്ള മുട്ടുകടുപ്പില്‍ അമ്മിണിയുടെ ( 65 ) വീടുമാണു നശിപ്പിച്ചത്. വിജയന്റെ കൈക്കു പരുക്കേറ്റു. സംഭവത്തില്‍ ദേവഗിരി കൊച്ചുപറമ്ബില്‍ മാത്യു സ്കറിയ(ഷിബു - 42)യെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ - ചങ്ങനാശേരി റോഡില്‍ ദേവഗിരി കവലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 6.15ഓടെയാണു സംഭവം. ദേവഗിരി ഭാഗത്തു നിന്നു ടിപ്പറിലെത്തിയ ഷിബു സ്കറിയ മാടക്കടയിലേക്കു ഇടിച്ചുകയറ്റി. പിന്നീട് റിവേഴ്സ് എടുത്ത് വീണ്ടും ഇടിച്ചു പെട്ടിക്കട തകര്‍ത്തു. കടയുടെ ഉള്ളിലായിരുന്ന വിജയൻ പിന്നിലെ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് 50 മീറ്റര്‍ അകലെ റോഡരികിലുള്ള അമ്മിണിയുടെ വീട്ടിലേക്കു ടിപ്പര്‍ ഓടിച്ചെത്തി ഇടിച്ചുകയറ്റി. ഈ സമയം അമ്മിണി വെളിയിലേക്ക് ഓടി. 2 തവണ ടിപ്പര്‍ കൊണ്ട് വീട് ഇടിച്ചുതകര്‍ത്ത ശേഷം കന്നാസില്‍ ടിപ്പറില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കറുകച്ചാല്‍ പൊലീസ് ഷിബു സ്കറിയയെ അറസ്റ്റ് ചെയ്തു.