എംസി റോഡില്‍ ദിശാബോര്‍ഡ് ഇളകിവീണു. സ്കൂട്ടര്‍ യാത്രികന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്..
എംസി റോഡില്‍ സ്ഥാപിച്ചിരുന്ന ഭീമാകാരമായ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി അടർന്നു വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായ പരിക്കേറ്റ കുടവട്ടൂർ അനന്തുവിഹാറില്‍ മുരളീധരൻപിള്ളയെ (57) വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കൊട്ടാരക്കര കുന്നക്കരയില്‍ എംസി റോഡിലായിരുന്നു സംഭവം.
കെഎസ്‌എഫ്‌ഇയിലെ കലക്‌ഷൻ ഏജന്റായ മുരളീധരൻപിള്ള ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോളാണ് കൂറ്റൻ തൂണുകളില്‍ ഉറപ്പിച്ച ലോഹപാളി അടർന്ന് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പതിച്ചത്. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ഇദ്ദേഹത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വർഷങ്ങളായി ഈ ബോർഡ് അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മുരളീധരൻപിള്ളയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിന് പ്ലാസ്റ്റിക് സർജറി ഉള്‍പ്പെടെയുള്ള ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സകള്‍ ആവശ്യമായി വരും. സംഭവത്തില്‍ മുരളീധരൻപിള്ള കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്...