മരണ വേദന അനുഭവിക്കുമ്ബോഴും സ്കൂള്‍ ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കി ഡ്രൈവര്‍. അവസാനമായി കാണാൻ കുരുന്നുകളെത്തി, നൊമ്ബര കാഴ്ച...
മരണത്തിനു മുന്നിലും സ്കൂള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി ബസ് ഡ്രൈവർ യാത്രയായി. പാലുവായ് സെന്‍റ് ആന്‍റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവർ ആയിരുന്ന ചക്കം കണ്ടം സ്വദേശി മാടാനി വീട്ടില്‍ രാജൻ (55) ആണ് മരിച്ചത്.
രാവിലെ ഒമ്ബതരയോടെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകവേ കാർഗില്‍ നഗറിന്‍റെ അടുത്തുവച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മരണ വേദന അനുഭവിക്കുമ്ബോഴും ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ രാജൻ റോഡരികില്‍ ബസ് നിർത്തി. തുടർന്ന് രാജനെ പ്രദേശവാസികള്‍ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നിട്ടും മരണം സംഭവിക്കുകയായിരുന്നു.
ഐസ്ക്രീം നല്‍കിയും മിഠായി നല്‍കിയും ആണ് മക്കളില്ലാത്ത രാജൻ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന പോലെ വിദ്യാർത്ഥികളെ നോക്കിയിരുന്നത് . ഭാര്യ- രമണി. അമ്മ- തങ്ക . സഹോദരി- രാധ. സംസ്കാരം ഗുരുവായൂർ നഗരസഭ ഗ്യാസ് ശ്മശാനത്തില്‍ നടന്നു. എന്നും തങ്ങളെ യാത്രയാക്കിയിരുന്ന ആളെ അവസാനമായി കാണാൻ വിദ്യാർഥികള്‍ എത്തിയത് നൊമ്ബര കാഴ്ചയായി...