എരുമേലി കനകപ്പലം - പ്ലാച്ചേരി വനപാതയിൽ ഇനി മാലിന്യം തള്ളിയാൽ പിടി വീഴും, വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ചുമത്തുക ജാമ്യമില്ലാത്ത വകുപ്പ്, വാഹനം പിടിച്ചെടുക്കും...
എരുമേലി - കനകപ്പലം - കരിമ്പിൻതോട് - മുക്കട റോഡിലെ വനപാതയിൽ മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാൻ താൽക്കാലിക ക്യാമറകൾ സ്ഥാപിച്ചു. വനപാതയിലെ മാലിന്യങ്ങൾ നീക്കിയ ശേഷം ആണ് ക്യാമറ സ്ഥാപിച്ചത്.ഇനിമുതൽ മാലിന്യങ്ങൾ ഇട്ട് പിടിക്കപ്പെട്ടാൽ വന്യ ജീവി സംരക്ഷണ നിയമം ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുമെന്നും വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറഞ്ഞു. ജെസിബി യും ടിപ്പർ ലോറികളും ഉപയോഗിച്ച് ആണ് വൻ തോതിലുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കിയത്. ഇവ കരിമ്പിൻതോട് ഭാഗത്ത് വനത്തിൽ കുഴിയിൽ ഇന്നലെ വൈകുന്നേരത്തോടെ മറവ് ചെയ്തു.ആധുനിക രീതിയിൽ ഉള്ള ക്യാമറകൾക്കായി ടെണ്ടർ ചെയ്ത് കരാർ നൽകിയതാണ്. എന്നാൽ കരാറുകാരൻ ഇതുവരെ ക്യാമറകൾ സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. ഇതോടെ ഇപ്പോൾ താൽക്കാലികമായാണ് ക്യാമറ വെച്ചിരിക്കുന്നത്. പദ്ധതി പ്രകാരം സ്ഥിരം ക്യാമറകൾ വൈകാതെ സ്ഥാപിക്കാൻ നടപടികളായിട്ടുണ്ട്. അത്യാധുനിക ക്യാമറ സംവിധാനം ആണ് നടപ്പിലാക്കുകയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു...