കോട്ടയത്തു സിഐടിയു തൊഴിലാളികള്‍ ബസിന് മുന്നില്‍ കൊടികുത്തിയതിന് പിന്നാലെ ലോട്ടറി കച്ചവടം നടത്തേണ്ടി വന്ന രാജ്മോഹൻ കൈമളിന്റെ 4 ബസുകളും സര്‍വീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്...
ബസ് സര്‍വ്വീസ് മുടക്കി സിഐടിയു തൊഴിലാളികള്‍. 4 ബസുകളും സര്‍വീസ് നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ജില്ലാ പോലീസ് മോധാവി, കമരകം സ്റ്റേഷൻ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ബസുടമ സമരവുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് പരിഗണിക്കാനായി അടുത്തയാഴ്ചത്തേക്കു മാറ്റി.
ഇന്ന് രാവിലെ മുതല്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഉടമ രാജ് മാഹൻ പറഞ്ഞു. സമരം നടത്താൻ അവകാശം ഉണ്ടെന്നും കോടതിവിധിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മോട്ടര്‍ മെക്കാനിക്കല്‍ യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വര്‍ഗീസ് വ്യക്തമാക്കി.
വിധി വായിച്ചു മനസ്സിലാക്കിയ ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ കൊടി കുത്തിയ ബസിനു മുന്നില്‍ സിഐടിയു തൊഴിലാളികള്‍ കുടില്‍ കെട്ടി കഞ്ഞി വച്ചു സമരം നടത്തിയിരുന്നു.
എന്നാല്‍, ബസുടമ തിരുവാര്‍പ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹൻ ബസിനു മുന്നില്‍ ലോട്ടറിക്കച്ചവടം തുടങ്ങി സമരം അറിയിച്ചിരുന്നു.' ടൈംസ് സ്‌ക്വയര്‍ ലക്കി സെന്റര്‍' എന്നാണു ലോട്ടറി വില്‍പന കേന്ദ്രത്തിനു പേരിട്ടത്. മുഖ്യമന്ത്രി ന്യൂയോര്‍ക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്‌ക്വയറിലാണ്. ലോട്ടറിക്കച്ചവടം തുടങ്ങിയതു മുഖ്യമന്ത്രി ടൈംസ് സ്‌ക്വയറില്‍ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോള്‍ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞ് ഇരുമ്ബ് കസേരയിലാണ് രാജ്‌മോഹൻ ഇരുന്നത്.
ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തി ബസ് സര്‍വീസ് തുടങ്ങിയ രാജ്‌മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്‌മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്. തൊഴില്‍ പ്രശ്നം വഷളാക്കിയാണ് ബസിനു മുന്നില്‍ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും കളക്ഷനുള്ള ബസിന്റെ സര്‍വീസാണ് മുടക്കിയതെന്നു രാജ്‌മോഹൻ പറയുന്നു. മറ്റു രണ്ടു ബസുകള്‍ പൂര്‍ണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സര്‍വീസ് നടത്തുന്നതെന്നും ഉടമ പറയുന്നു. ഇനിയെന്തു ചെയ്യുമെന്ന് അറിയാതെ നട്ടംതിരിയുകയാണ് രാജ്‌മോഹൻ.
കോട്ടയം ലേബര്‍ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ റൂട്ടിലെ കലക്ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കാൻ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ശമ്ബളം കൂട്ടി. നിശ്ചിത കളക്ഷൻ ലഭിച്ചാല്‍ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണു തര്‍ക്കം. വരവേല്‍പ്പിലേതുപോലെ യൂണിയൻ തൊഴിലാളികളുടെ അടി കൊള്ളേണ്ടിവരുമോ എന്നും ബസ് തകര്‍ക്കുമോയെന്നും രാജ്‌മോഹന് ഭീതിയുണ്ട്.