ഒരു നിമിഷത്തെ ദുർബ്ബലതയില്‍ ഉണരുന്ന സുഖത്തിനോ, അടങ്ങാത്ത ദേഷ്യത്തിന്റെ അഗ്നിയിലോ ആണ് പലപ്പോഴും കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളില്‍ അലയടിക്കുന്ന വികാരങ്ങളെ നിയന്ത്രിച്ച് നിർത്താൻ കഴിയാതെ വരുമ്ബോഴാണ് പലയിടങ്ങളിലും മനുഷ്യൻ മൃഗതുല്യനായി മാറുന്നതും, അതിക്രൂരമായ സംഭവങ്ങള്‍ അരങ്ങേറുന്നതും. ഇത്തരത്തില്‍ ഒറ്റ നിമിഷത്തെ വികാരത്തില്‍ നശിച്ചുപോയ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. ശരിക്കും മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു, അവന്റെ ഉള്ളിലെ നിയന്ത്രണമില്ലാത്ത വികാരങ്ങളല്ലേ? അതോ, പരിഷ്കൃതമായ നമ്മുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആദിമമായ മൃഗവാസനയോ ? 2024-ല്‍ ചെന്നൈ നഗരത്തെ നടുക്കിയ ‘സ്യൂട്ട്കേസ് കൊലപാതകം’ അത്തരമൊരു സംഭവമാണ്. മനുഷ്യൻ്റെ നിസ്സഹായതയും, ഭയവും, അതിനെത്തുടർന്നുണ്ടായ നിയന്ത്രണം നഷ്ടപ്പെട്ട ദേഷ്യവും എങ്ങനെ ഒരു യുവാവിനെ കൊലപാതകിയാക്കി മാറ്റിയെന്നും, ഒപ്പം ഒരു ജീവൻ ഇല്ലാതാക്കിയെന്നും ആ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ചെന്നൈ മഹാനഗരം. 2024 സെപ്റ്റംബർ 19-ന് തൊരൈപ്പാക്കം എന്ന പ്രദേശത്തെ ആ നിർമ്മാണ സൈറ്റില്‍ കണ്ട കാഴ്ച, ആ നഗരത്തിന്റെ താളം തെറ്റിച്ചു. രാവിലെ ഒമ്...