തിരുനക്കര ശിവന്‍ കരഞ്ഞു പറയുന്നു. ഈ വയസുകാലത്ത് ഇനിയും ചട്ടം പഠിപ്പിക്കരുതേ...
പ്രായാധിക്യത്താല്‍ അവശനായ എന്നെ ഇനിയും ചട്ടം പഠിപ്പിക്കാനായി തല്ലിക്കൊല്ലരുത്. ദേവസ്വം ബോര്‍ഡ് അധികാരികളോട് ലക്ഷണമൊത്ത നാട്ടാനയും ആനപ്രേമികളുടെ താരവുമായ തിരുനക്കര ശിവന്റെ അഭ്യര്‍ത്ഥനയാണിത്. ശിവനുമായ് നന്നായി ഇണങ്ങിയ പാപ്പാന്‍ ഗോപകുമാറിനെ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. കസ്റ്റോഡിയനായ വൈക്കം ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിറക്കിയത്. ക്ഷേത്രോത്സവങ്ങള്‍ ഈ വര്‍ഷം നടത്തുന്നതിനാലാണ് പാപ്പാന്മാരെ മാറ്റുന്നതെന്നാണ് വിശദീകരണം. പുതിയ പാപ്പാന്‍ വന്നാല്‍ വീണ്ടും ചട്ടം പഠിപ്പിക്കണം. കോലിന് തല്ലിയും മര്‍മ്മ സ്ഥാനങ്ങളില്‍ തോട്ടിയ്ക്ക് കുത്തി വലിച്ച് പേടിപ്പിച്ചുമാണ് ചട്ടം പഠിപ്പിക്കുക. ഇരണ്ടകെട്ട് വന്ന് അവശനിലയിലായി മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് സമീപകാലത്താണ് ശിവന്‍ തിരിച്ചു വന്നത്. അണപ്പല്ല് തേഞ്ഞു പോയതിനാല്‍ പനം പട്ടയോ ഓലയോ കഴിക്കാന്‍ ആവാതെ പുല്ല് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ശിവനെ നന്നായി പരിപാലിച്ചു വന്ന അരഡസനിലേറെ പാപ്പാന്മാരെ ഇതിനകം മാറ്റിയത് വിവാദമായിരുന്നു. ആനയുമായി ഇണങ്ങിയ നടേശനും മനോജുമായിരുന്നു ഏറെക്കാലം പാപ്പാന്മാരായിരുന്നത്. മനോജിനെ നേരത്തേ ചിറക്കടവിലേക്ക് മാറ്റി. പകരം വന്ന പാപ്പാന്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച് ചട്ടം പഠിപ്പിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അവസാനം ദേവസ്വം അധികൃതര്‍ക്ക് മനോജിനെ തിരിച്ചു കൊണ്ടു വരേണ്ടി വന്നു. ശിവനെ മര്‍ദ്ദിക്കുന്നുണ്ടോ എന്നറിയാന്‍ ആനക്കൊട്ടിലിന് സമീപം ആന പ്രേമികള്‍ സി.സി.ടി.വി കാമറയും സ്ഥാപിച്ചു.
ഉത്സവത്തിന് ഒഴിവാക്കാനുള്ള നീക്കം :---
മാര്‍ച്ചില്‍ തിരുനക്കര ഉത്സവമാണ്. പുതിയ പാപ്പാന്‍ ചട്ടം പഠിപ്പിക്കാന്‍ മാസങ്ങളെടുക്കുമെന്നതിനാല്‍ ശിവനെ എഴുന്നള്ളിപ്പിക്കാന്‍ കഴിയില്ല. പാപ്പാനെ മാറ്റുന്നത് ഉത്സവത്തിന് മറ്റ് ആനകളെ തിടമ്ബേറ്റാനുള്ള കളിയുടെ ഭാഗമാണെന്നാണ് ആരോപണം. ക്ഷേത്രമതില്‍ കെട്ടിനുള്ളില്‍ കേക്ക് മുറിച്ച് ശിവന്റെ പിറന്നാള്‍ സമീപകാലത്ത് ആഘോഷിച്ചത് വിവാദമായിരുന്നു.
തിരുനക്കര ശിവനുമായി ഇണങ്ങിയ ഇപ്പോഴത്തെ പാപ്പാനെ മാറ്റാനുള്ള തീരുമാനം പുന :പരിശോധിക്കണം. പ്രായാധിക്യത്താല്‍ അവശനായ ശിവനെ തല്ലി ചട്ടം പഠിപ്പിക്കുന്നത് വിശ്വാസികള്‍ കാണാതിരിക്കാന്‍ പഴയതു പോലെ ആനയെ ചെങ്ങളത്ത് കാവിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. വിശ്വാസികളെ സംഘടിപ്പിച്ച് ചെറുക്കും
ജയകുമാര്‍ തിരുനക്കര, അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡന്റ്...