ഏറ്റുമാനൂര്‍ - പാലാ റൂട്ടില്‍ ബസ് യാത്രക്കിടെ വയോധികയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍...
നന്നായി മേക്കപ്പ് ധരിച്ച് മാത്രം പുറത്തിറങ്ങും. ഉത്സവ സീസണില്‍ മാത്രം മോഷണം നടത്തുന്ന യുവതി ആരാധനാലയങ്ങളിലെത്തിയാല്‍ തീവ്ര ഭക്ത. മേക്കപ്പ് ഈശ്വരിയെ കുടുക്കിയത് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാഗ്രത. മധുര സ്വദേശിനി ഈശ്വരിയെയാണ് (50) മാല നഷ്ടപ്പെട്ടവര്‍ തന്നെ പിന്തുടര്ന്ന് പിടികൂടി പാലാ പൊലീസില്‍ ഏല്പിച്ചത്. കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ജാഗ്രതയാണ് മോഷ്ടാവിനെ പിടികൂടാന്‍ കാരണമായത്. ഏറ്റുമാനൂര്‍ മംഗളം കോളജിന് സമീപം താമസക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിന്നമ്മയും മകള്‍ ഷേര്‍ളി, അയല്‍വാസികളായ നിജ, വല്‍സമ്മ എന്നിവര്‍ അരുവിത്തുറ പള്ളിയിലേക്ക് പോകാനാണ് കോട്ടയം തൊടുപുഴ കെ.എസ്.ആര്.ടി.സി ബസില്‍ കയറിയത്. ബസിലുണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തെന്റ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു. ചേര്‍പ്പുങ്കലിലേക്ക് ടിക്കറ്റെടുത്ത ഈശ്വരി ചേര്പ്പുങ്കലെത്തിയപ്പോള് വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടു.പാലാ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഈശ്വരി ആദ്യം ബസിറങ്ങി. വല്ലതും നഷ്ടപ്പെട്ടോ എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോഴാണ് ചിന്നമ്മയുടെ രണ്ടു പവനോളം വരുന്ന മാല കാണാനില്ലെന്ന് വ്യക്തമായത്.
ഈശ്വരി കോട്ടയത്തേക്കുള്ള ബസില്‍ കയറിയതായി ഡ്രൈവര്‍ പറഞ്ഞതോടെ ഓട്ടോയില്‍ ചിന്നമ്മയും മൂന്നുപേരും പിന്നാലെയെത്തി ഇവരെ കണ്ടെത്തുകയായിരുന്നു. ബസിലിരിക്കുകയായിരുന്ന ഈശ്വരി ഇവരെ കണ്ടതോടെ മാല ബസിലിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. പാലാ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. നിരവധി മോഷണസംഘങ്ങള്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാലാ ജൂബിലി തിരുനാളിനടക്കം എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ്.ഐ എം.ഡി. അഭിലാഷ് പറഞ്ഞു...