മീന്‍ മാത്രമല്ല പ്ലാസ്റ്റിക് കുപ്പികളും കുരുങ്ങും ബഷീറിന്റെ വലയില്‍. കോട്ടയത്തു ആറുകളിലും തോടുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന കുമ്മനം പഴനിക്കണ്ടത്തില്‍ ബഷീര്‍...
കിട്ടപ്പോര് കുറവാണേലും അദ്ധ്വാനം കൂടുതലാ. ഒരു ലിറ്ററിന്റെ വെള്ളക്കുപ്പി 80എണ്ണമുണ്ടെങ്കിലേ ഒരു കിലോ വരൂ. 20-25 രൂപ അതിന് കിട്ടിയാലായി. വെള്ളം പൊങ്ങുമ്ബോഴുള്ള ഒഴുക്കിലാണ് കുപ്പികള്‍ അടിഞ്ഞുള്ള കോള്.
വേമ്ബനാട്ടുകായല്‍ മുഖമായ വെട്ടിക്കാട്ടുമുക്ക് മുതല്‍ നാഗമ്ബടം വരെ കിലോ മീറ്ററുകളോളം ദൂരം ആറുകളിലും തോടുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന കുമ്മനം പഴനിക്കണ്ടത്തില്‍ ബഷീറിന് ഇത് പറയുമ്ബോള്‍ ഇരട്ടി ആവേശമാണ്. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് 68 കാരനായ ബഷീര്‍ ഇതുവരെ ശേഖരിച്ചത്.
താന്‍ ചെയ്യുന്നത് നദികളെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമാണെന്നറിയാത്ത ബഷീറിന്റെ ഫോട്ടോ പകര്‍ത്തിയതനായിരുന്നു കേരളകൗമുദി ഫോട്ടോഗ്രാഫര്‍ വിഷ്ണു കുമരകത്തിന് യുവജനക്ഷമബോര്‍ഡിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ ബഷീറിനും ഇരിപ്പിടം കിട്ടി. സാമൂഹ്യപ്രതിബദ്ധതയ്ക്ക് മന്ത്രി സജി ചെറിയാനില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങുമ്ബോള്‍ ഇതൊക്കെ തനിക്ക് കിട്ടുമോയെന്ന് ബഷീര്‍ പ്രതീക്ഷിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.
ആറ്റില്‍ എറിയുന്ന പൊട്ടിയ ട്യൂബ് ലൈറ്റും ബിയര്‍ കുപ്പിയും കൊണ്ട് പലപ്പോഴും കൈ മുറിയും. നീര്‍നായയുടെ ശല്യം വേറെ. കോഴി മാലിന്യവും മറ്റും ചീഞ്ഞഴുകി കിടക്കുന്നതിനിടയില്‍ മൂക്ക് പൊത്തി വേണം കുപ്പി ശേഖരിക്കാന്‍. സകല മാലിന്യവും ആറ്റില്‍ തള്ളുന്നവര്‍ക്ക് ബോധം വേണ്ടേ ബഷീര്‍ പറയുന്നു.
വലയില്‍ കുരുങ്ങി, പിന്നെ ശേഖരിക്കാന്‍ തുടങ്ങി
കൂലിപ്പണി ചെയ്തു വന്ന ബഷീര്‍ പണി കുറഞ്ഞതോടെയാണ് മീന്‍പിടിത്തത്തിലേക്ക് തിരിഞ്ഞത്. ഉടക്കുവല ആറ്റില്‍ നീളത്തിലിടുന്നതിനിടയില്‍ മീനുകള്‍ക്കൊപ്പം പ്ലാസ്റ്റിക് കുപ്പികളും കുരുങ്ങി. വല മുറിയാതിരിക്കാന്‍ എടുത്ത കുപ്പികള്‍ ആറ്റിലേക്ക് തിരിച്ചെറിയുന്നത് ശരിയല്ലെന്ന തോന്നലില്‍ അവ ശേഖരിക്കാന്‍ തുടങ്ങി. കുപ്പിക്ക് നക്കാപ്പിച്ചയാണ് കിട്ടുന്നതെങ്കിലും ആറ്റിലെ മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യ ശേഖരണമെന്ന കര്‍മ്മം നിയോഗം പോലെ ബഷീര്‍ വര്‍ഷങ്ങളായി തുടര്‍ന്നു.കാല്‍ മുറിഞ്ഞ് വിശ്രമത്തിലായിരുന്നപ്പോള്‍ മകന്‍ ഷബീര്‍ കുപ്പി പെറുക്കല്‍ തുടര്‍ന്നു.. മുറിവ് ഭേദമായതോടെ ബഷീര്‍ വീണ്ടും ആറ്റിലിറങ്ങി തുടങ്ങി.
''പ്ലാസ്റ്റിക് കുപ്പി പെറുക്കിയതിന് മന്ത്രിയുടെ കൈയില്‍ നിന്ന് ഉപഹാരം കിട്ടിയെന്നറിഞ്ഞപ്പോള്‍ ഭാര്യ പാത്തുവിനും മൂന്ന് മക്കള്‍ക്കും സന്തോഷമായി. പത്രത്തില്‍ ഫോട്ടോ വന്നപ്പോള്‍ കൂട്ടുകാര്‍ക്കും സന്തോഷം. വലിയതുക അവാര്‍ഡായി കിട്ടിയെന്നാ എല്ലാവരും പറയുന്നത്. അതങ്ങനെ തന്നെ ഇരുന്നോട്ടെന്നു ഞാനും വച്ചു...