രാഷ്‌ട്രപതിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍...
രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ വരവേല്‍ക്കാന്‍ പാലായും കോട്ടയവും കുമരകവും അണിഞ്ഞൊരുങ്ങുന്നു. മൂന്നിടങ്ങളിലും റോഡിലെ കുഴിയടയ്ക്കല്‍, പുല്ലുവെട്ട്, വൈദ്യുതി അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നു.
കോട്ടയം നഗരത്തിന്‍റെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ റോഡുകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതതടസം രൂക്ഷമായി. ശിവഗിരിയില്‍ നിന്ന് 23ന് ഉച്ചകഴിഞ്ഞ് 3.45ന് രാഷ്‌ട്രപതി ഹെലികോപ്ടറില്‍ പാലായിലെത്തും. സെന്‍റ് തോമസ് കോളജിലെ ബിഷപ് വയലില്‍ ഹാളിലാണു പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് കോളജിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ്പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്ബില്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പാലായില്‍നിന്ന് 5.30ന് ഹെലികോപ്റ്ററില്‍ കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ഇറങ്ങി റോഡ് മാര്‍ഗമാണ് രാഷ്‌ട്രപതി കുമരകം ടാജ് ഹോട്ടലിലെത്തി അന്നു രാത്രി അവിടെ തങ്ങുന്നത്. കോണത്താറ്റ് പാലത്തിനുസമീപം നിലവിലുള്ള താത്കാലിക റോഡില്‍ തറ ഓടുകള്‍ പാകുന്നതിനുള്ള ജോലിയാണ് റോഡിന്‍റെ കാര്യത്തില്‍ ചെയ്യുന്നത്. ഇന്നലെ റോഡ് പണി തുടങ്ങി. കോണത്താറ്റ് പാലത്തിലൂടെ രാഷ്‌ട്രപതിയുടെ കാര്‍ പോകുന്നതിനു സുരക്ഷാ പ്രശ്‌നം ഉണ്ടെങ്കില്‍ ഉപയോഗിക്കുന്നതിനാണു താത്കാലിക റോഡ് നന്നാക്കുന്നത്. കുമരകം റോഡിലെ പാലങ്ങളുടെ കൈവരികള്‍ വെള്ളപൂശി മനോഹരമാക്കും. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി. കുമരകം റൂട്ടില്‍ ഇല്ലിക്കല്‍പാലം മുതല്‍ കവണാറ്റിന്‍കര വരെയുള്ള റോഡ് കുഴികള്‍ അടച്ചുവരികയാണ്. 24ന് രാവിലെ 10നു കുമരകത്തുനിന്നും റോഡുമാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും മടങ്ങും.
അവിസ്മരണീയ മുഹൂർത്തം കാത്ത്
പാലാ സെന്‍റ് തോമസ് കോളജ്
പാലാ: പാലാ സെന്‍റ് തോമസ് ഓട്ടോണമസ് കോളജ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ വരവേല്ക്കാന്‍ ഒരുങ്ങുന്നു. പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം 4.15ന് രാഷ്‌ട്രപതി എത്തും. ജൂബിലി സ്മാരക ബ്ലോക്കിന്‍റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, വി.വി. ഗിരി തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്‍റെ ഓര്‍മകളുള്ള കോളജിന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ സന്ദര്‍ശനത്തിലൂടെ അവിസ്മരണീയമായ മറ്റൊരു സ്മരണകൂടി സ്വന്തമാകുകയാണ്.
പൂര്‍വവിദ്യാര്‍ഥിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായിരുന്ന കെ.ജി. ബാലകൃഷ്ണന്‍, എസ്.കെ. പാട്ടീല്‍ എംപി, മുന്‍ മുഖ്യമന്ത്രി എ.ജെ. ജോണ്‍, ശ്രീചിത്തിര തിരുനാള്‍, കര്‍ദിനാള്‍ ടിസറങ്, ഗായകന്‍ മുഹമ്മദ് റാഫി, കെ.ജെ. യേശുദാസ്, എസ്. ജാനകി, ഹേമലത, പി.ബി. ശ്രീനിവാസന്‍, താരങ്ങളായ സത്യന്‍, പ്രേം നസീര്‍, ഇറോം ശര്‍മ്മിള, സ്‌കോട്ടിഷ് ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ തുടങ്ങിയവരും കോളജ് സന്ദര്‍ശിച്ചവരില്‍പ്പെടുന്നു.
മന്ത്രിപദവിയിലെത്തിയവരില്‍ ജോര്‍ജ് കുര്യന്‍, റോഷി അഗസ്റ്റിന്‍ എന്നിവരുണ്ട്. മുന്‍ മന്ത്രി എന്‍.എം. ജോസഫ് ഇവിടെ അധ്യാപകനായിരുന്നു. എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സര്‍ ഡോ. എ.ടി. ദേവസ്യ, ഡോ. സിറിയക് തോമസ്, ഡോ. ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ സെന്‍റ് തോമസിലെ അധ്യാപകരായിരുന്നു. 16 യുജി, പിജി കോഴ്‌സുകളും 11 ഗവേഷണവിഭാഗങ്ങളും കോളജിനുണ്ട്. ബിഎസ്‌സി സൈക്കോളജി, എംഎസ് സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സുകള്‍ ഇക്കൊല്ലം തുടങ്ങി. മൈക്രോബയോളജി, ബയോ സ്റ്റാറ്റിറ്റിക്സ്, ബയോ ടെക്നോളജി തുടങ്ങിയ പ്രഫഷണല്‍ കോഴ്സുകളുമുണ്ട്.
നാക് ഗ്രേഡിംഗില്‍ എ പ്ലസ് പ്ലസ് അംഗീകാരം കരസ്ഥമാക്കുകയും ഓട്ടോണമസ് പദവി നേടുകയും ചെയ്ത കോളജിന് അഭിമാനം പകരുന്നതാണ് രാഷ്‌ട്രപതിയുടെ വരവ്. ഡേറ്റാ സയന്‍സ് ഉള്‍പ്പെടെ കോഴ്സുകള്‍ തുടങ്ങുകയും ഡീംഡ് യൂണിവേഴ്സിറ്റിയായി ഉയര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് പ്രന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് പറഞ്ഞു...