ജെസി കൊലക്കേസ്. സാം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ കോട്ടയം എം.ജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി...
സാമിന് മറ്റു സ്ത്രീകളോടുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളില് വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള് നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം. ഇടുക്കി ഉടുമ്ബന്നൂര് ചെപ്പുകുളം വ്യൂ പോയിന്റില് റോഡില് നിന്ന് 50 അടി താഴ്ചയില് നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലാവുന്നത്. ഇയാള്ക്കൊപ്പം പിടിയിലായ ഇറാനിയന് യുവതിയെ പൊലിസ് പിന്നീട് വിട്ടയച്ചിരുന്നു. അതിനിടെ സാം കെ ജോര്ജിന്റെ കാറില് നിന്നു രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി പൊലിസ് കഴിഞ്ഞ ദിവസം കാര് പിടിച്ചെടുത്തിരുന്നു. രക്തക്കറയും മുടിയും കാറില്നിന്ന് പ്രാഥമിക പരിശോധനയില് ലഭിച്ച വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്കു നല്കിയിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിലുള്ള കാര് വാഷിങ് സെന്ററില് പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി. സാം ഉപേക്ഷിച്ച മുളകുസ്പ്രേയുടെ ടിന്നും ഇവിടെനിന്നു കണ്ടെടുത്തു. ഈ സ്പ്രേ ജെസിയുടെ മുഖത്ത് പ്രയോഗിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ചുകയറി കൊലപാതകം നടത്തിയത്.
കുടുംബ പ്രശ്നങ്ങളെത്തുടര്ന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വര്ഷമായി സാമും ജെസിയും താമസിച്ചിരുന്നത്. സെപ്തംബര് 26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടില് വച്ച് തര്ക്കമുണ്ടാകുകയും കൈയില് കരുതിയിരുന്ന മുളക് സ്പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് കിടപ്പുമുറിയില് വച്ച് മൂക്കും വായും തോര്ത്ത് ഉപയോഗിച്ച് അമര്ത്തി ശ്വാസം മുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില് കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്ന്ന് സാം മൈസൂരുവിലേക്കു കടക്കുകയും ചെയ്യുന്നു. കൊലപാതകത്തിന് 10 ദിവസം മുന്പ് ഇയാള് ചെപ്പുകുളത്തെത്തി സാഹചര്യങ്ങള് മനസ്സിലാക്കിയതായും പൊലിസ് പറയുന്നു. ഉഴവൂര് അരീക്കരയില് ഇയാള്ക്ക് 4.5 ഏക്കര് ഭൂമിയും ഗോവയിലും കോവളത്തും ഫ്ലാറ്റുകളുമുണ്ട്. സ്വത്ത് സംബന്ധിച്ച് ഭാര്യയുമായുള്ള കേസുകള് കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകളുടെ വിധി ജെസിക്ക് അനുകൂലമായേക്കാം എന്ന തോന്നലുമാവാം കൊലപാതകത്തിനു കാരണമായതായി പൊലിസ് പറയുന്നു. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയില് കുറവിലങ്ങാട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരുന്നത്...