ജീവൻ രക്ഷിച്ച വീട്ടമ്മയ്ക്ക് നന്ദി പറഞ്ഞ തെരുവുനായ ഓര്‍മ്മയായി. ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തി അജ്ഞാതൻ...
ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ്, അന്നനാളത്തില്‍ കുടുങ്ങിയ എല്ലിൻ കഷ്ണം എടുത്ത് നീക്കി തന്റെ ജീവൻ രക്ഷിച്ച വീട്ടമ്മയോട് നന്ദി കാണിച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ വയനാട്ടിലെ തെരുവുനായ ചത്തു. പ്രദേശവാസികളില്‍ ചിലർ ഭക്ഷണത്തോടൊപ്പം വിഷം നല്‍കി നായയെ കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
വയനാട്, പിണങ്ങോട് ലക്ഷം വീട് കോളനി പരിസരത്ത് സ്ഥിരമായി കണ്ടിരുന്ന ഈ നായയുടെ വായില്‍ കുറച്ചുനാള്‍ മുൻപ് എല്ലിൻ കഷ്ണം കുടുങ്ങിയിരുന്നു. കോളനി നിവാസിയായ നസീറ എന്ന വീട്ടമ്മ സമയോചിതമായി ഇടപെട്ട് അത് നീക്കം ചെയ്യുകയും നായയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തോടെയാണ് മിണ്ടാപ്രാണി വാർത്തകളില്‍ ഇടം നേടിയത്. പിറ്റേന്ന്, നസീറയെ തേടിയെത്തിയ തെരുവുനായ അവരുടെ അടുത്ത് വിനയത്തോടെ ഇരിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. നായയുടെ ഈ സ്നേഹപ്രകടനം ആളുകളുടെ മനസ്സില്‍ നിന്ന് മായും മുമ്ബേയാണ് അതിന്റെ ജീവൻ നഷ്ടപ്പെട്ടുവെന്ന ദുഃഖകരമായ വാർത്ത പുറത്തുവരുന്നത്.
വൈറല്‍ നായ കോളനിയിലെ പല വീടുകളിലും പകലും രാത്രിയുമില്ലാതെ ചുറ്റിത്തിരിയാറുണ്ടായിരുന്നു. എന്നാല്‍, രാത്രികാലങ്ങളിലെ നായയുടെ വികൃതികള്‍ പ്രദേശവാസികള്‍ക്ക് വലിയ തലവേദനയായി മാറിയിരുന്നു. ഇതാകാം ഭക്ഷണത്തില്‍ വിഷം കലർത്തി നല്‍കി നായയെ കൊലപ്പെടുത്താൻ കാരണം എന്ന് പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ താഹിർ പിണങ്ങോട് പ്രതികരിച്ചു. വീടുകളിലെ ചെരിപ്പുകള്‍, ഷൂകള്‍, മാറ്റ് എന്നിവ കടിച്ചെടുത്ത് പല ഭാഗങ്ങളിലായി കൊണ്ടിടുന്നത് നായയുടെ സ്ഥിരം വിനോദമായിരുന്നു. ഇത് കാരണം, രാവിലെ സ്കൂളിലേക്കും ജോലിക്കും പോകാനിറങ്ങുന്നവർക്ക് തങ്ങളുടെ ചെരിപ്പുകളും ഷൂവുമെല്ലാം സ്ഥലങ്ങളില്‍ തിരഞ്ഞ് കണ്ടെടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ലക്ഷം വീട് അങ്കണവാടിക്ക് സമീപം നാല് ദിവസത്തോളം വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ ഈ നായ മരണത്തോട് മല്ലടിച്ച് കിടന്നു. താഹിറിനെപ്പോലെ ചില പ്രദേശവാസികള്‍ നായയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ പ്രദേശവാസിയായ പി.എം. സുബൈർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധിപേർ പ്രതിഷേധമറിയിച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്...