ശബരിമലയിലെ സ്വര്‍ണക്കൊള്ള.ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ മുഴുവന്‍ സ്വര്‍ണവും കടത്തി, പൂശല്‍ പേരിനു മാത്രം, കട്ടത് കിലോ കണക്കിന് സ്വര്‍ണം...
ശബരിമല ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ, വിജയ് മല്യ 1998ല്‍ പൊതിഞ്ഞ മുഴുവന്‍ സ്വര്‍ണവും 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ അടിച്ചുമാറ്റിയെന്നു സൂചന. താഴികക്കുടങ്ങളുടെ കാര്യം പോലും സംശയ നിഴലിലാണ്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍, തെക്ക്, വടക്ക് ഭിത്തികളിലെ പാളികള്‍ എന്നിവയെല്ലാം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം രാസപ്രക്രിയയിലൂടെ തട്ടിയെടുത്തു. പകരം സ്‌പോണ്‍സര്‍മാരെ സ്വാധീനിച്ച് സ്വര്‍ണം വാങ്ങി പേരിനുമാത്രം പൂശി. ഇങ്ങനെ കവര്‍ന്ന സ്വര്‍ണത്തിന് കൃത്യമായ കണക്കില്ലെങ്കിലും കുറഞ്ഞത് അഞ്ച് കിലോ സ്വര്‍ണമെങ്കിലും പാളികളില്‍ നിന്നു തട്ടിയെടുത്തെന്നാണ് സൂചന.
വിജയ് മല്യ 1998ല്‍ 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്ബും ഉപയോഗിച്ചാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതില്‍ പകുതിയിലധികം സ്വര്‍ണവും മേല്‍ക്കൂരയും താഴികക്കുടങ്ങളും പൊതിയാനാണ് ഉപയോഗിച്ചത്. ബാക്കി സ്വര്‍ണം ഉപയോഗിച്ച് ശ്രീകോവില്‍ ചുവരുകളിലെ അയ്യപ്പ ചരിതം, ദ്വാരപാലക ശില്‍പങ്ങള്‍, ശ്രീകോവില്‍ കട്ടിള, കതക്, ആനകളുടെ രൂപം, കലശക്കുടങ്ങള്‍ എന്നിവ സ്വര്‍ണം പൊതിഞ്ഞു. എന്നാല്‍ ഓരോ ഭാഗത്തും ഉപയോഗിച്ച സ്വര്‍ണത്തിന്റെ കൃത്യം കണക്ക് നാലാം നമ്ബര്‍ തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.
യൂബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞശേഷം അളവ് രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡിന് കൈമാറിയ കുറിപ്പില്‍ നിന്നാണ് ഒന്നര കിലോഗ്രാം സ്വര്‍ണം ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സെത്തിയത്.
ശ്രീകോവില്‍ കട്ടിള ഉദ്ദേശം ഒന്നര കിലോയിലധികം സ്വര്‍ണം ഉപയോഗിച്ചാണ് 1998ല്‍ പൊതിഞ്ഞത്. ഇതിലെ സ്വര്‍ണ പാളികള്‍ ഇളക്കി മാറ്റിയശേഷം ബെംഗളൂരു സ്വദേശിയും ജ്വല്ലറി ഉടമയുമായ ഗോവര്‍ദ്ധന്‍ നല്കിയ 186.557 ഗ്രാം (23.32 പവന്‍) സ്വര്‍ണത്തില്‍ 184 ഗ്രാം ഉപയോഗിച്ച് ഏഴ് കട്ടിള പാളികളും സ്വര്‍ണം പൂശി നല്കി. മല്യ പൊതിഞ്ഞ ഒന്നര കിലോയില്‍ അധികം തൂക്കം വരുന്ന സ്വര്‍ണ പാളികളാണ് 184 ഗ്രാം സ്വര്‍ണം പൂശി തട്ടിയെടുത്തത്.
പുതിയ വാതില്‍ പാളികള്‍ സ്വര്‍ണം പൂശിയതും ഗോവര്‍ദ്ധന്‍ നല്കിയ 325.5 ഗ്രാം (40.69 പവന്‍) സ്വര്‍ണത്തില്‍ 321.6 ഗ്രാം ഉപയോഗിച്ചാണ്. മല്യ ഒന്നര കിലോ സ്വര്‍ണം ഉപയോഗിച്ച് പൊതിഞ്ഞു നല്കിയതായിരുന്നു പഴയ വാതില്‍, സ്‌ട്രോങ് റൂമിലുള്ള ഉരുപ്പടികള്‍ സുരക്ഷിതമാണൊയെന്നത് ഇനിയും വ്യക്തമല്ല. ദ്വാരപാലക ശില്‍പങ്ങളില്‍ 1.56 കി. ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നതായി വിജിലന്‍സ് പറയുന്നു. പക്ഷേ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ അത് 584 ഗ്രാമായി കുറഞ്ഞു. ബെംഗളൂരു സ്വദേശി ഗോവര്‍ദ്ധന്‍, വ്യവസായി രമേശ് റാവു, പള്ളിക്കത്തോട് സ്വദേശിയും വ്യവസായിയുമായ വാസുദേവന്‍, അജിത്ത് ബെംഗളൂരു തുടങ്ങിയവരില്‍ നിന്നു പണമായും സ്വര്‍ണമായും ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് പ്ലേറ്റിങ് പൂര്‍ത്തിയാക്കി പോറ്റിയും സംഘവും മല്യ നല്കിയ സ്വര്‍ണ പാളികള്‍ കവരുകയായിരുന്നു...