വിദേശ വനിതകളുള്‍പ്പെടെയുള്ള സ്ത്രീകളെ ലൈംഗികബന്ധത്തിനായി എത്തിച്ചത് ഭാര്യയുടെ കണ്‍മുന്നിലൂടെ. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതോടെ രണ്ടാം വിവാഹം. കോട്ടയം സ്വദേശിനിയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...
ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ കോട്ടയം സ്വദേശി സാം കെ ജോർജ്ജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 60 കിലോമീറ്റർ അകലെയുള്ള ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സാം കെ ജോർജ്ജിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട ജെസി. ഇയാളുടെ വഴിവിട്ട ജീവിതത്തെ തുടർന്ന് ആദ്യഭാര്യ ഉപേക്ഷിച്ച് പോകുകയായിരുന്നു. ജെസിയെ വിവാഹം കഴിച്ചതിന് ശേഷവും ഇയാള്‍ വഴിവിട്ട ജീവിതം തുടർന്നു. വിദേശ വനിതകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതായിരുന്നു ഇയാളുടെ ഹോബി. മുമ്ബ് ജെസിയുമൊത്ത് ഗള്‍ഫിലായിരുന്നു സാം. ആ സമയത്തും അതിനു ശേഷം നാട്ടിലെത്തിയിട്ടും സാം തന്റെ അവിഹിത ബന്ധങ്ങള്‍ തുടർന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
1994-ലാണ് സാം ജെസിയെ വിവാഹം ചെയ്തത്. സാമിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യഭാര്യ സാമിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു. സാം വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ഇതു സംബന്ധിച്ച വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടില്‍ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടില്‍ സമാധാനപരമായി താമസിക്കാൻ നല്‍കിയ കേസില്‍ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ല്‍ പാല അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടില്‍തന്നെ താമസിക്കാൻ ജെസി അനുവാദം നല്‍കി. വീട്ടില്‍ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയില്‍ താമസസൗകര്യമൊരുക്കിയത്.
ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയില്‍ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടില്‍നിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാല്‍, ജെസി കോടതിയില്‍ ഇതിനെ എതിർത്തു. തനിക്കെതിരായി കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു.
സെപ്റ്റംബർ 26-ന് രാത്രി ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അടുത്തദിവസം പുലർച്ചെ കാറില്‍ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡില്‍നിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു. 29-ന് ജെസിയെ സുഹൃത്ത് ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇവർ കുറവിലങ്ങാട് പോലീസില്‍ പരാതിപ്പെട്ടു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന് മനസ്സിലാക്കി. പോലീസ് അവിടെയെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈക്കം ഡിവൈഎസ്‌പി ടി.പി. വിജയന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് എസ്‌എച്ച് ഇ.അജീബ്, എസ്‌ഐ മഹേഷ് കൃഷ്ണൻ, എഎസ്‌ഐ ടി.എച്ച്. റിയാസ്, സിപിഒ പ്രേംകുമാർ എന്നിവർ ചേർന്നാണ് സാമിനെ അറസ്റ്റ് ചെയ്തത്.
സാമിന്റെ വഴിവിട്ട ജീവിതത്തിന് വിലങ്ങുതടിയായിനിന്ന ജെസിയെ കൊലപ്പെടുത്താൻ പദ്ധതി ഒരുക്കിയത് ഒരുവർഷം മുമ്ബ്. ഇരുനിലവീട്ടില്‍ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളില്‍ ഇയാള്‍ വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി ജെസിയുടെ കണ്‍മുമ്ബിലൂടെ വീട്ടില്‍ എത്തിയിരുന്നു. ഇവിടേക്ക് എത്തിയ സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാല്‍ വീട്ടിലെത്തുന്ന സ്ത്രീകളോട് താൻ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടില്‍നിന്നും അപ്പോള്‍ തന്നെ മടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ വിയറ്റ്‌നാം സ്വദേശിയായ സ്ത്രീ താൻ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈല്‍ നമ്ബറും ഇവർ മേടിച്ചിരുന്നു. വിയറ്റ്‌നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞുമാറി.
തന്റെ ബന്ധം തകർത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ വിദേശ വനിതയെ അറിയിച്ചു. ഇതില്‍ ഭയന്ന ഇവർ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു. പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താൻ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടർന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടില്‍ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാർ പറഞ്ഞു.
വിവാഹിതരായത് മുതല്‍ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. 2008-ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്. വാതിലിന്റെ ലോക്ക് ഊരി പലതവണ തലയില്‍ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്‌റൂമില്‍ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്.
അഞ്ച് മാസങ്ങള്‍ക്കപ്പുറം ജെസി സ്വബോധത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോള്‍ ഇയാള്‍ തനിക്ക് പറ്റിയ തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞതോടെ ജെസി പോലീസില്‍ പരാതിപ്പെട്ടില്ല. പിന്നീടും ഇയാള്‍ പലതവണ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും ഇവള്‍ മക്കളെ ഓർത്ത് പലതും സഹിക്കുകയായിരുന്നുയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊലപാതകവും ആസൂത്രിതമായി...
26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടില്‍ വച്ച് തർക്കമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന മുളക് സ്പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് കിടപ്പുമുറിയില്‍ വച്ച് മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടർന്ന് സാം മൈസൂരുവിലേക്കു കടന്നു. കൊലപാതകത്തിന് 10 ദിവസം മുൻപ് ഇയാള്‍ ചെപ്പുകുളത്തെത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു.
സെപ്റ്റംബർ 26 മുതലാണ് ജെസി സാമിനെ കുറവിലങ്ങാട്ടുനിന്ന് കാണാതായത്. സെപ്റ്റംബർ 26-ന് വിദേശത്തുള്ള മകനുമായി ഇവർ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ സെപ്റ്റംബർ 29-ന് ജെസിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജെസിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയത്.
ഭർത്താവ് നല്‍കിയ മൊഴിയനുസരിച്ച് കരിമണ്ണൂരിലെ റോഡരികില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയതോടെ അഴുകിയനിലയില്‍ മൃതദേഹവും കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 26-നാണ് പ്രതി കൃത്യം നടത്തിയതെന്നാണ് വിവരം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെപ്പുക്കുളം ചക്കുരംമാണ്ടി ഭാഗത്ത് എത്തിച്ച് റോഡരികില്‍നിന്ന് 30 അടിയോളം താഴ്ചയിലേക്ക് തള്ളുകയായിരുന്നു. ഇവിടെ ജനവാസമില്ലാത്ത മേഖലയാണ്...