അവധിയില്ല കേട്ടോ. ഭാരത് ബന്ദ് മാറ്റിവെച്ചു...
അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് വഖഫ് നിയമത്തിനെതിരായ രണ്ടാംഘട്ട സമരത്തിൻറെ ഭാഗമായി ആഹ്വാനം ചെയ്ത ഒക്ടോബർ മൂന്നിലെ (വെള്ളിയാഴ്ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദ്ദിദി ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ കണക്കിലെടുത്താണ് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളുടെ അടിയന്തര യോഗമാണ് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ബോർഡ് ചെയർമാൻ മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിശദമായ ചർച്ചക്കു ശേഷം ബന്ദ് മാറ്റി വെക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു എന്നും മുജദ്ദിദി പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിൻറെ പ്രക്ഷോഭങ്ങളും മറ്റു പരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും മുജദ്ദിദി വ്യക്തമാക്കി...