പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവ്. ചികിത്സ തേടിയ 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി, പ്രതിഷേധം...
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം ഒൻപത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നതായി ഗുരുതരമായ പരാതി. പാലക്കാട്, പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് ഈ ദാരുണമായ ദുരനുഭവം നേരിട്ടത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അണുബാധ നിയന്ത്രണാതീതമായതിനെ തുടർന്ന് കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു.
സെപ്റ്റംബർ 24-ന് വൈകുന്നേരം വീട്ടില്‍ കളിക്കുന്നതിനിടെ വീണ് കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് വിനോദിനിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചത്. കുട്ടിയുടെ കൈയില്‍ മുറിവും പൊട്ടലും ഉണ്ടായിരുന്നു. എന്നാല്‍, മുറിവില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ മരുന്നുകെട്ടി അതിനു മുകളില്‍ പ്ലാസ്റ്റർ ഇട്ടതാണ് ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി.
കുട്ടി കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതർ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെന്നും, "എല്ലിന് സംഭവിച്ചതല്ലേ, അതുകൊണ്ടാകാം" എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് തിരിച്ചയക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പ്രസീദ പറയുന്നു.
തുടർന്നുള്ള ദിവസങ്ങളില്‍ വേദന സഹിക്കാനാവാതെ വന്നതോടെ കുട്ടിയെ അഞ്ച് ദിവസം തികയും മുമ്ബേ വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഈ സമയം പ്ലാസ്റ്റർ അഴിച്ചു പരിശോധിച്ചപ്പോഴാണ് കൈയിലെ മുറിവ് പഴുത്ത നിലയിലായി ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമായത്. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അപ്പോഴേക്കും അണുബാധ മാരകമായി പടർന്നിരുന്നു. ഇതേത്തുടർന്ന് വിനോദിനിയുടെ വലത് കൈ മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർബന്ധിതരായി.
സംഭവത്തില്‍ ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുട്ടിയുടെ കൈ നഷ്ടപ്പെടാൻ കാരണമെന്ന് ആരോപിച്ച് വിനോദിനിയുടെ കുടുംബം വെള്ളിയാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
ചികിത്സാപ്പിഴവിനെതിരെ ശക്തമായ ജനരോഷമാണ് പാലക്കാട് ഉയരുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, കുട്ടിയുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായം സർക്കാർ ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. ജില്ലാ ആശുപത്രിയിലെ ചികിത്സാ രീതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു...