വൈക്കത്തപ്പന്റെ സ്വര്‍ണവും കാണാനില്ല. 255 ഗ്രാം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് വീണ്ടും പ്രതിക്കൂട്ടില്‍...
കോട്ടയം വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭക്തർ സമർപ്പിച്ച 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറില്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എൻ. വാസു ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ 2020-21 കാലത്താണ് സ്വർണം കാണാതായത്.
ഭക്തർ വഴിപാടായി സമർപ്പിക്കുന്ന സ്വർണം അളന്ന് തിട്ടപ്പെടുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്ട്രോംങ് റൂമില്‍ സൂക്ഷിക്കുന്നതാണ് പതിവ്. ആകെ 199 സ്വർണപ്പൊതികളാണ് സ്ട്രോംങ് റൂമില്‍ ഉണ്ടായിരുന്നത്. ആകെ 3247. 9 ഗ്രാം സ്വർണം എന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്ട്രോംങ് റൂമില്‍ 2992. 070 ഗ്രാം സ്വർണം മാത്രമാണ് ഉണ്ടായിരുന്നത്. ഭക്തർ ഭഗവാന് സമർപ്പിച്ച 255.830 ഗ്രാം സ്വർണം നഷ്ടമായെന്ന് ചുരുക്കം.
ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് ഓഡിറ്റ് വിഭാഗം സ്വർണം സംബന്ധിച്ച ദേവസ്വത്തിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല. പ്രധാന ക്ഷേത്രങ്ങളുടെ കണക്കുകള്‍ ദേവസ്വം ബെഞ്ച് പരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. സ്വർണം എവിടെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാൻ ഇതുവരെ ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല...