കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ്...
കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ്. ആണ്‍സുഹൃത്ത് ബന്ധത്തില്‍ നിന്ന് പിന്മാറിയതിൻ്റെ നിരാശയിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. കേസില്‍ ആണ്‍സുഹൃത്തായ റമീസിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. കേസില്‍ ഈയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. റമീസിൻ്റെ മാതാപിതാക്കളും സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബവും ബിജെപിയും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സുഹൃത്ത് റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മഹത്യ കുറിപ്പില്‍ ഉന്നയിച്ചതിനു ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മൂവാറ്റുപുഴ ടിടിഐ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തന്നോട് മരിച്ചോളാൻ റമീസ് സമ്മതം നല്‍കിയെന്നും വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാൻ സാധിക്കുന്നില്ലെന്നും പെണ്‍കുട്ടി തൻ്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതും കുടുംബത്തെ ഒരുപാട് തളര്‍ത്തിയിരുന്നു. അമ്മയും ചേട്ടനും തന്നോട് ക്ഷമിക്കണമെന്നും താൻ അപ്പൻ്റെ അടുത്തേക്ക് പോകുവായെന്നാണ് പെണ്‍കുട്ടി തൻ്റെ ആത്മഹത്യ കുറിപ്പില്‍ എഴുതിയത്...