മഴ മഴ കുട കുട. ഭീമാ ബോയ്. വിട പറഞ്ഞത് ജനപ്രിയ പരസ്യവാചകങ്ങളുടെ സ്രഷ്ടാവ്...
പുറത്തുനിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം. ഒരുകാലത്ത് കോട്ടയത്തുകാരുടെ മനസ്സില്‍ കയറിക്കൂടിയ പരസ്യവാചകമാണിത്. കോട്ടയം അയ്യപ്പാസിന്റെ ഈ പരസ്യവാചകം സൃഷ്ടിച്ചത് കഴിഞ്ഞദിവസം ചെന്നൈയില്‍ അന്തരിച്ച ശങ്കർ കൃഷ്ണമൂർത്തിയായിരുന്നു.
മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യകോപ്പി റൈറ്ററുമായിരുന്നു ശങ്കർ കൃഷ്ണമൂർത്തി (ശിവ കൃഷ്ണമൂർത്തി).1939-ല്‍ ആലപ്പുഴയില്‍ ജനിച്ച അദ്ദേഹം 1975-90 കാലത്ത് കോട്ടയത്തായിരുന്നു താമസം.
അക്കാലത്താണ് കോട്ടയത്തുകാർ പാട്ടുപോലെ കേട്ട ഒട്ടേറെ പരസ്യവാചകങ്ങള്‍ അദ്ദേഹം തയ്യാറാക്കിയത്. പ്രമുഖ പരസ്യകമ്ബനി കെ.പി.ബിയുടെ ക്രിയേറ്റീവ് ഡയറക്ടറും കോപ്പി റൈറ്ററുമായാണ് അദ്ദേഹം കോട്ടയത്ത് പ്രവർത്തിച്ചത്. തിരുനക്കരയില്‍ ഭാരത് ആശുപത്രിയുടെ സമീപത്താണ് അദ്ദേഹം താമസിച്ചിരുന്നത്. ഭീമ ജൂവലറിയുടെ 'ഭീമ ബോയ്' അദ്ദേഹത്തിന്റെ ഭാവനയില്‍ പിറന്നതാണ്. എണ്‍പതുകളില്‍ 'പാലാട്ട്' അച്ചാർ, 'വി ഗൈഡ്' തുടങ്ങിയ ബ്രാൻഡുകള്‍ക്കും പേര് നല്‍കി. കോട്ടയത്തെ പാലത്തിങ്കല്‍ കുടുംബത്തിന്റേതായിരുന്നു പാലാട്ട് അച്ചാർ എന്ന ഉത്പന്നം. ശങ്കർ കൃഷ്ണമൂർത്തി രൂപംകൊടുത്ത 'പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്' എന്ന പരസ്യവാചകം വാക്കുകളില്‍ സ്വാദ് നിറച്ചു. 'സ്വാദിഷ്ഠമായ' എന്ന് അർഥം വരുന്ന പാലറ്റബിള്‍ എന്ന ഇംഗ്ലീഷ് വാക്കും പാലത്തിങ്കല്‍ എന്ന കുടുംബപ്പേരും ചേർത്താണ് പാലാട്ട് എന്ന പേര് നല്‍കിയത്.
കുട്ടികള്‍ പാടി നടന്ന 'മഴ മഴ, കുട കുട..''(പോപ്പി), എന്ന പരസ്യവാചകവും തയ്യാറാക്കിയത് അദ്ദേഹമാണ്.
തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. തമിഴ് പ്രസിദ്ധീകരണങ്ങളില്‍ മുന്നൂറിലധികം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 'കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി.
പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യകമ്ബനിയില്‍ ജോലി സ്വീകരിച്ച് അവിടേയ്ക്ക് താമസം മാറ്റുകയായിരുന്നു. ജീവിതത്തിന്റെ അവസാനകാലംവരെയും സജീവമായിരുന്ന അദ്ദേഹത്തിന്റെ പുതിയകഥ ഏതാനും മാസങ്ങള്‍ക്ക് മുൻപ് ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു...