മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദര്‍ശനസായൂജ്യം നേടി ആയിരങ്ങള്‍...



ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദര്‍ശനസായൂജ്യം നേടി ആയിരങ്ങള്‍. വ്രതശുദ്ധിയോടെ നോമ്ബ്‌ നോറ്റെത്തിയ ആയിരങ്ങള്‍ക്ക്‌ ആത്മീയ നിര്‍വൃതിയും അനുഗ്രഹവും പകര്‍ന്നു ദര്‍ശന പുണ്യമേകി കത്തീഡ്രലില്‍ ഇന്നലെ പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം സ്‌ഥാപിച്ചിരിക്കുന്ന നട തുറന്നു. പ്രധാന പള്ളിയുടെ മദ്‌ബഹയിലെ ത്രോണോസില്‍ സ്‌ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കല്‍.


ഇന്നലെ രാവിലെ കത്തീഡ്രലില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയെത്തുടര്‍ന്നു നടന്ന മധ്യാപ്രാര്‍ഥനയ്‌ക്കു ശേഷം വിശ്വാസികളുടെ കണ്‌ഠങ്ങളില്‍നിന്ന്‌ ഇടതടവില്ലാതെ ഒഴുകിയ പ്രാര്‍ഥനാ മഞ്‌ജരികള്‍ക്കു നടുവില്‍ നടതുറക്കല്‍ ചടങ്ങുകള്‍ നടന്നു. നടതുറക്കല്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കും യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ മോര്‍ ബസേലിയോസ്‌ ജോസഫ്‌ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനും നടതുറക്കല്‍ച്ചടങ്ങിനു സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്‌ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു രാവിലെ മുതല്‍ എത്തിയിരുന്നു.
പ്രധാന പെരുന്നാള്‍ ദിനമായ ഇന്നു വിതരണം ചെയ്യുന്ന കറിനേര്‍ച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര ഇന്നലെ ഉച്ചയ്‌ക്കു നടന്നു. പാച്ചോര്‍ കമ്മിറ്റി ജോയിന്റ്‌ കണ്‍വീനര്‍ രഞ്‌ജിത്ത്‌ കെ. എബ്രഹാം കാരക്കാട്ടിന്റെ കൈയ്യില്‍ നെയ്യ്‌ നിറച്ച വിളഞ്ഞ തേങ്ങമുറിയിലെ തിരിയില്‍ പ്രധാന ത്രോണോസിലെ മെഴുകുതിരിയില്‍നിന്നു കത്തീഡ്രല്‍ സഹവികാരി ജെ. മാത്യു കോര്‍എപ്പിസ്‌കോപ്പ മണവത്തു തീ പകര്‍ന്നു. പള്ളിയിലെ പ്രാര്‍ഥനകള്‍ക്കു ശേഷം പള്ളിമേടയിലെത്തി. വൈദികരുടെ നേതൃത്വത്തില്‍ അവിടെ പ്രാര്‍ഥനകള്‍ നടത്തിയ ശേഷം പന്തിരുനാഴി കൈകളിലേന്തി വാദ്യമേളങ്ങളുടെ അകമ്ബടിയോടെ ആഘോഷപൂര്‍വം പുറപ്പെട്ടു. പള്ളിക്ക്‌ ചുറ്റും മൂന്നു പ്രാവിശ്യം വലം ശേഷം കറിനേര്‍ച്ച തയ്യാറാക്കുന്ന സെന്റ്‌ മേരീസ്‌ ഇം?ീഷ്‌ മീഡിയം സ്‌കൂളില്‍ പന്തിരുനാഴി എത്തിച്ചു. ഫാ. ലിറ്റു തണ്ടാശേരിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ക്കു ശേഷം പാച്ചോര്‍ കമ്മിറ്റി ജോയിന്റ്‌ കണ്‍വീനര്‍ തേങ്ങമുറിയിലെ തിരിയില്‍നിന്ന്‌ അടുപ്പിലേക്കു തീ പകര്‍ന്നു. പന്തിരുനാഴി അടുപ്പില്‍വച്ച ശേഷം ജെ. മാത്യു മണവത്ത്‌, കത്തീഡ്രല്‍ ട്രസ്‌റ്റിമാരും സെക്രട്ടറിയും നെയ്യും ആദ്യ അരിയും ഇട്ടു കറിനേര്‍ച്ച തയ്യാറാക്കലിനു തുടക്കം കുറിച്ചു. തുടര്‍ന്നു മറ്റടുപ്പുകളിലും ചെമ്ബുകളൊക്കെ തയ്യാറാക്കി കറിനേര്‍ച്ച പാകം ചെയ്യല്‍ ആരംഭിച്ചു.
വൈകിട്ട്‌ അഞ്ചിന്‌ സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്നു നാടകശാലയില്‍ നടവിളിക്കു തെളിയിച്ചു. കോട്ടയം ഭദ്രാസനാധിപന്‍ തോമസ്‌ മോര്‍ തീമോത്തിയോസ്‌, സഹവികാരിമാരായ ജെ. മാത്യു കോര്‍എപ്പിസ്‌കോപ്പ മണവത്ത്‌, ഫാ. കുറിയാക്കോസ്‌ കാലായില്‍, ഫാ. എം. ഐ. തോമസ്‌ മറ്റത്തില്‍, ഫാ. കുര്യന്‍ മാത്യു വടക്കേ പറമ്ബില്‍, ഫാ. ഗീവര്‍ഗീസ്‌ നടുമുറിയില്‍, ഫാലിറ്റു തണ്ടാശേരില്‍, കത്തീഡ്രല്‍ ട്രസ്‌റ്റിമാരായ സുരേഷ്‌ കെ. എബ്രഹാം കണിയാംപറമ്ബില്‍, ബെന്നി ടി. ചെറിയാന്‍ താഴത്തേടത്ത്‌, ജോര്‍ജ്‌ സഖറിയ ചെമ്ബോല, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന്‍ പാണാ പറമ്ബില്‍ എന്നിവര്‍ നടവിളക്കു തെളിയിച്ചു. 7.30ന്‌ കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും നടന്നു. തുടര്‍ന്ന്‌ ആകാശവിസ്‌മയവും പാരമ്ബര്യത്തനിമയില്‍ നടത്തുന്ന മാര്‍ഗംകളിയും പരിചമുട്ടുകളിയും നടത്തി. പാച്ചോര്‍ നേര്‍ച്ചയുടെ കൂപ്പണ്‍ എടുത്തവര്‍ക്ക്‌ ഇന്നു പുലര്‍ച്ചെ 12ന്‌ കറിനേര്‍ച്ച വിതരണവും ആരംഭിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...