പത്തനംതിട്ടയില്‍ യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് രണ്ടാഴ്ച. ഭര്‍ത്താവ് വീട്ടില്‍ മരിച്ച നിലയില്‍...
പത്തനംതിട്ട നിരണത്തുനിന്ന് രണ്ടു മക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായ നിരണം സ്വദേശിനി റീന(40)യുടെ ഭർത്താവ് കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
റീനയെയും രണ്ടുമക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷിന്റെ മരണം. ഓഗസ്റ്റ് 17 മുതലാണ് റീനയെയും മക്കളായ അക്ഷര(8), അല്‍ക്ക എന്നിവരെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെ റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അനീഷിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
റീനയുടെയും മക്കളുടെയും തിരോധാനത്തില്‍ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസില്‍നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അനീഷും റീനയും തമ്മില്‍ നേരത്തേ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നതായാണ് പറയുന്നത്. ദമ്ബതിമാരും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടകവീട്ടിലാണ് താമസിച്ചുവന്നിരുന്നത്. അതേസമയം, റീനയെ കാണാതായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് റീനയുടെ സഹോദരനാണ് തിരോധാനത്തില്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയത്...